കരിങ്കുന്നം : നെല്ലാപ്പാറയിലെ അപകടവളവിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുമെന്ന ഉറപ്പ് ഇനിയും പാലിക്കപ്പെട്ടില്ല. ഇക്കഴിഞ്ഞ മഴയിൽ റോഡിലെ കോൺക്രീറ്റും തകർന്നിരിക്കുകയാണ്. അപകടഭീതിയിലാണ് യാത്രക്കാരും നാട്ടുകാരും. അവർക്ക് വലിയ അമർഷമുണ്ട്. പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മഴയാണ് പ്രശ്നമെന്നുമാണ് അധികൃതർ പറയുന്നത്.

ചോരമണക്കുന്ന വളവ്

നെല്ലാപ്പറ കുരിശുപള്ളി വളവിൽ അപകടങ്ങൾ പതിവാണ്. ‌മൂവാറ്റുപുഴ-പുനലൂർ സംസ്ഥാനപാതയുടെ ഭാഗമായ ഇവിടെ ചെറുതും വലുതുമായി 22 അപകടങ്ങളാണ് ഈ വർഷംമാത്രം നടന്നത്.

രണ്ടുമാസം മുമ്പ് റോഡിന് താഴേക്ക് ലോറിമറിഞ്ഞ് ഒരു അതിഥിത്തൊഴിലാളി മരിക്കുകയും ഡ്രൈവർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് ജനപ്രതിനിധികളും പൊതുമരാമത്ത്, മോട്ടോർ വാഹന വകുപ്പുകളിലെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച്‌ വളവിലെ അപകടാവസ്ഥ ഒഴിവാക്കാൻ അടിയന്തരമായി സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ തീരുമാനിച്ചു.

റോഡ് വീതികൂട്ടാനാണ് തീരുമാനിച്ചത്. അതിനായി സ്ഥലം വിട്ടുകൊടുക്കാൻ ഉടമ തയ്യാറായിവന്നു. വാഹനങ്ങളുെട വേഗം കുറയ്ക്കാൻ ആവശ്യമായ സംവിധാനങ്ങൾ, വ്യക്തമായ മുന്നറിയിപ്പ് ബോർഡുകൾ, അപകടസൂചനയ്ക്കായി മഞ്ഞ ലൈറ്റ്, തെരുവുവിളക്കുകൾ എന്നിവ സ്ഥാപിക്കാൻ തീരുമാനിച്ചു. ആദ്യഘട്ടമെന്ന നിലയിൽ വളവിൽ കുറേ വീപ്പകൾവെച്ച്‌ റിബണുകൾ വലിച്ചുകെട്ടി.