മൂന്നാർ : ചിന്നക്കനാൽ പഞ്ചായത്തിലെ കോൺഗ്രസ് ഭരണസമിതിക്കെതിരേ ഇടതുപക്ഷാംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. ഇടതുമുന്നണിയിൽപെട്ട ആറ് അംഗങ്ങളും സ്വതന്ത്രയും ചേർന്നാണ് അവിശ്വാസ പ്രമേയത്തിന് ദേവികുളം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നൽകിയത്. 15 ദിവസത്തിനുള്ളിൽ അവിശ്വാസ പ്രമേയം ചർച്ചചെയ്യും.

13 അംഗങ്ങളുള്ള പഞ്ചായത്തിൽ കോൺഗ്രസിലെ സിനി ബേബിയാണ് പ്രസിഡന്റ്. കോൺഗ്രസ്‌-6, സി.പി.ഐ.-4, സി.പി.എം.-2, സ്വതന്ത്ര-1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. ഒരു വർഷംമുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ പഞ്ചായത്ത് ഭരിക്കാൻ ആർക്കും ഭൂരിപക്ഷം ലഭിച്ചില്ല. സ്വതന്ത്ര അംഗമായ പന്ത്രണ്ടാം വാർഡിൽനിന്നുള്ള ജയന്തി വിട്ടുനിന്നതിനെത്തുടർന്ന് നറുക്കെടുപ്പുവഴിയാണ് കോൺഗ്രസിന് ഭരണം ലഭിച്ചതും സിനി ബേബി പ്രസിഡൻറായതും. സ്വതന്ത്രയുൾപ്പെടെ ഏഴ് അംഗങ്ങൾ ചേർന്നാണ് ഇപ്പോൾ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.