നെടുങ്കണ്ടം : കർഷകർക്ക് നൽകേണ്ട ആനുകൂല്യങ്ങളിൽ തരിമറി നടത്തി 6.35 ലക്ഷം തട്ടിയ കേസിൽ കൃഷി ഓഫീസർക്കെതിരേ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി ഇടുക്കി വിജിലൻസ് യൂണിറ്റ്. 2000-2004 കാലയളവിൽ നെടുങ്കണ്ടം കൃഷിഭവനിലെ കൃഷി ഓഫീസറായിരുന്ന കൊല്ലം മേടയിൽ വീട്ടിൽ ബാബു അലക്‌സാണ്ടർ പ്രതിയായ കേസിലാണ് വിജിലൻസ് കുറ്റപത്രം നൽകുന്നത്. 2017-ലാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.

നെടുങ്കണ്ടത്ത് കൃഷിഓഫീസർ ആയിരിക്കെ പ്രതി വിവിധ പദ്ധതികളിലായി 6.35 ലക്ഷം തട്ടിയതായാണ് വിജിലൻസിന്റെ കണ്ടെത്തൽ. അന്നത്തെ ഇടുക്കി വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പി. ജോൺസൺ ജോസഫാണ് കേസ് അന്വേഷിച്ചത്. വയനാട് മാനന്തവാടിയിൽ കൃഷി അസിസ്റ്റൻറ് ഡയറക്ടറായിരിക്കെ ഇയാൾ 1.26 കോടിയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ രണ്ട് വർഷം മുമ്പ് സർവീസിൽനിന്ന് സർക്കാർ പരിച്ചുവിട്ടിരുന്നു. 2013 മുതലാണ് ഇയാൾ മാനന്തവാടി കൃഷി അസി.ഡയറക്ടർ ഓഫീസിൽ തിരിമറി നടത്തിയത്. ഈ കേസിൽ കഴിഞ്ഞയാഴ്ച ഇയാളെ വിജിലൻസ് അറസ്റ്റുചെയ്തിരുന്നു.

തട്ടിപ്പിൽ പിന്നീട് അന്വേഷണം നടത്തി വിജിലൻസ് അറസ്റ്റ് രേഖപ്പെടുത്തുന്നത് അപൂർവ സംഭവമാണ്. സാധാരണ പണം കൈമാറുമ്പോൾ കെണിയിൽപ്പെടുത്തിയാണ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാറുള്ളത്. സർക്കാർ ഫണ്ട് ദുർവിനിയോഗം ചെയ്ത സർക്കാർ ഉദ്യോഗസ്ഥർക്കു നേരെ കർശന നടപടിയെടുക്കാനുള്ള വിജിലൻസ് ഡയറക്ടറുടെ നിർദേശപ്രകാരമായിരുന്നു അറസ്റ്റ്. ഈ സാഹചര്യത്തിലാണ് നെടുങ്കണ്ടത്തെ കേസിലും ഉടൻ കുറ്റപത്രം സമർപ്പിക്കുന്നതെന്ന് വജിലൻസ് ഡിവൈ.എസ്.പി. വി.ആർ. രവികുമാർ പറഞ്ഞു.