മൂന്നാർ : രാത്രി റേഷൻ സാധനങ്ങൾ കടത്താൻ ശ്രമിച്ചതിനെത്തുടർന്ന് സസ്പെൻഡ് ചെയ്ത റേഷൻകടയുടെ ലൈസൻസ് ക്രമക്കേട് നടത്തിയ ഉടമയ്ക്കുതന്നെ നൽകാൻ നീക്കം. ഭരണകക്ഷിയിലെ നേതാക്കൾ ഇതിനായി ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തുന്നുവെന്നാണ് ആരോപണം.

കണ്ണൻദേവൻ കമ്പനിയുടെ നല്ലതണ്ണി ഈസ്റ്റ് ഡിവിഷനിലെ 42-ാംനമ്പർ റേഷൻകടയുടെ ലൈസൻസാണ് മൂന്നുമാസം മുമ്പ്‌ സസ്പെൻഡ് ചെയ്തത്. രാത്രി കടയിൽനിന്ന് റേഷൻ സാധനങ്ങൾ ലോറിയിൽ കടത്താൻ ശ്രമിച്ചത് നാട്ടുകാർ കൈയോടെ പിടികൂടിയിരുന്നു. നാട്ടുകാർ ഉടമയെ തടഞ്ഞുവെച്ച് പോലീസിൽ ഏല്പിച്ചു.

പോലീസ് കേസെടുക്കുകയും 14 ദിവസം ഇയാൾ ജയിലിലുമായിരുന്നു. സംഭവത്തെത്തുടർന്ന് താലൂക്ക് സപ്ലൈ ഓഫീസർ കടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും നടത്തിപ്പ് മറ്റൊരാൾക്ക് നൽകുകയും ചെയ്തു. എന്നാൽ

ജാമ്യത്തിലിറങ്ങിയ ഇയാൾ കട തിരികെ ലഭിക്കാനായി ഭരണകക്ഷിയിൽപെട്ട ചില നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെ പണം നൽകിയുള്ള ശ്രമങ്ങൾ നടക്കുന്നതായാണ് ആരോപണം.

ഇതിനായി രാഷ്ട്രീയക്കാർ ലക്ഷങ്ങൾ വാങ്ങിയെന്ന് പരാതി ഉയരുന്നുണ്ട്. കുറ്റ്യാർവാലിയിൽ പുതുതായി എസ്.സി. വിഭാഗത്തിന് അനുവദിച്ച റേഷൻകട വ്യാജ ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കിയ ഒ.ബി.സി. വിഭാഗത്തിൽപ്പെട്ടയാൾക്ക് നൽകാനുള്ള ചില നേതാക്കന്മാരുടെയും ഉദ്യോഗസ്ഥരുടെയും നീക്കം വിവാദമായിരുന്നു.