മാങ്കുളം : വനം-വന്യജീവി വകുപ്പ് മാങ്കുളം ഡിവിഷനുമായി ചേർന്ന് യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ സംസ്ഥാന പരിസ്ഥിതി സംരക്ഷണസമിതി മാങ്കുളം ആനക്കുളത്ത് സംഘടിപ്പിച്ച ദ്വിദിന പ്രകൃതി പഠനക്യാമ്പ് സമാപിച്ചു.

എക്കോ ക്ലബ്ബ് അംഗങ്ങളായ വിദ്യാർഥികൾക്കായി ഇടുക്കി യൂത്ത് ഹോസ്റ്റൽസ് അസോസിയേഷന്റെ സഹകരണത്തോടെ നടത്തിയ ക്യാമ്പ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജി.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ സംസ്ഥാന പരിസ്ഥിതി സംരക്ഷണസമിതി ചെയർമാൻ എൻ.രവീന്ദ്രൻ ചടങ്ങിൽ അധ്യക്ഷനായി.

തുടർന്നുനടന്ന പഠനക്യാമ്പിന് നിർമലാ കോളേജിലെ അസോ. പ്രൊഫസർ ഡോ. ജിജി കെ.ജോസഫ് നേതൃത്വം നൽകി. ആനക്കുളം റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.വി.അജിയുടെ നേതൃത്വത്തിൽ കവലയിൽ ക്യാമ്പംഗങ്ങൾ ശുചീകരണ പ്രവർത്തനവും പ്ലാസ്റ്റിക് ശേഖരണവും നടത്തി.

ആദ്യദിവസം പെരുമ്പൻകുത്ത് വെള്ളച്ചാട്ടവും രണ്ടാംദിവസം കൈനഗിരി വെള്ളച്ചാട്ടം, കണ്ണാടിപ്പാറമല, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിടങ്ങളിലൂടെ ക്യാമ്പംഗങ്ങൾ ട്രക്കിങ്ങും നടത്തി.

വിരിപാറ പ്രകൃതിപഠനകേന്ദ്രത്തിൽ നടത്തിയ സമാപന സമ്മേളനത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജി.ജയചന്ദ്രൻ പങ്കെടുത്തവർക്കു സർട്ടിഫിക്കറ്റ് സമ്മാനിച്ചു.

മാങ്കുളം റേഞ്ച് ഓഫീസർ ഉദയസൂര്യൻ ചടങ്ങിൽ അധ്യക്ഷനായി. എക്കോ ക്ലബ്ബ് കോ-ഓർഡിനേറ്റർ ഡോ. സാജു എബ്രഹാം, ഇടുക്കി യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ പ്രസിഡന്റ് എൻ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.