വണ്ടിപ്പെരിയാർ : മഴക്കാലമെത്തിയിട്ടും പെരിയാർ തീരത്തെ വിവിധ പ്രദേശങ്ങളിൽ വഴിവിളക്കുകൾ കത്താത്തത് പ്രതിഷേധങ്ങൾക്ക് കാരണമാകുന്നു.

നിലവിൽ പെരിയാർ തീരപ്രദേശത്തുള്ള വഴിവിളക്കുകൾ പ്രവർത്തനം നിലച്ചിട്ട് ഒരുമാസത്തിലധികമായി. മഴയോ, അടിയന്തരഘട്ടങ്ങളോ ഉണ്ടായാൽ വെളിച്ചമില്ലായ്മ വലിയ തടസ്സം സൃഷ്ടിക്കും. ഇതോടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ആശങ്കയിലാണ്.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി വണ്ടിപ്പെരിയാർ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വഴിവിളക്കുകൾ സ്ഥാപിച്ചിരുന്നു. ഇവയിൽ ഭൂരിഭാഗവും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഇതേക്കുറിച്ച് പലതവണ പരാതികൾ ഉയർന്നെങ്കിലും അന്വേഷണമോ, നടപടിയോ ഉണ്ടായിട്ടില്ല.

ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിച്ചില്ല

മഴയിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പുയർന്നാൽ വെള്ളമുയരുന്ന പ്രദേശങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനുള്ള തീരുമാനവും പ്രദേശത്ത് നടപ്പായില്ല. വള്ളക്കടവ് തൊമ്മൻ കോളനി ഭാഗത്ത് പുലിയുടെ കാല്പാട് കാണുകയും ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടമെത്തുകയും ചെയ്തിരുന്നു. ഈ പ്രദേശങ്ങളിലും വഴിവിളക്കുകൾ പണിമുടക്കിയിരിക്കുകയാണ്. അറ്റകുറ്റപ്പണികൾ നടത്തിയോ പുതിയവ സ്ഥാപിച്ചോ ആശങ്കയകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.