നെടുങ്കണ്ടം : നെടുങ്കണ്ടം പഞ്ചായത്ത് പതിനൊന്നാം വാർഡിലെ കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ആരോപണ പ്രത്യാരോപണങ്ങളുമായി ബി.ജെ.പി.പ്രവർത്തകരും പഞ്ചായത്തംഗവും. വാർഡിൽ നടത്തിയ വാക്‌സിനേഷൻ ക്യാമ്പ് തന്റേതാക്കി മാറ്റാൻ പഞ്ചായത്തംഗം ശ്രമിച്ചുവെന്നാണ് ബി.ജെ.പി. ആരോപണം. നെടുങ്കണ്ടം പഞ്ചായത്തിൽ കഴിഞ്ഞദിവസമാണ് വാർഡ് തല വാക്‌സിനേഷൻ പ്രക്രിയ ആരംഭിച്ചത്. പതിനൊന്നാം വാർഡിൽ ഞായറാഴ്ച വാക്‌സിൻ വിതരണം ചെയ്തിരുന്നു. ഇതിൽ പഞ്ചായത്ത് അംഗത്തിന്റെ സീൽ പതിച്ച ടോക്കൺ നൽകിയെന്നാണ് ബി.ജെ.പി.യുടെ ആരോപണം. തന്റെ ഇഷ്ടക്കാർക്കാണ് പഞ്ചായത്തംഗം ആദ്യം ടോക്കൺ നൽകിയതെന്നും ശേഷിച്ചവയാണ് വാർഡിലെ മറ്റുള്ളവർക്ക് നൽകിയതെന്നും ആരോപണമുണ്ട്. കേന്ദ്ര സർക്കാർ സൗജന്യമായി നൽകുന്ന വാക്‌സിൻ തന്റേതാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് പഞ്ചായത്തംഗം നടത്തിയതെന്നാണ് ബി.ജെ.പി.യുടെ ആക്ഷേപം. എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്നും പഞ്ചായത്ത് നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കരിവാരിത്തേക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും പഞ്ചായത്തംഗം വിജുമോൾ വിജയൻ പറഞ്ഞു. വാർഡ് ഉൾപ്പെടുന്ന മേഖലയിൽ യാതൊരുവിധ വികസനപ്രവർത്തനങ്ങളും നടത്താൻ ബി.ജെ.പി. നേതൃത്വം അനുവദിക്കുന്നില്ല. വസ്തുതാവിരുദ്ധമായ അപവാദപ്രചാരണങ്ങളാണ് ഇവർ നടത്തുന്നത്. വാക്‌സിനേഷൻ പരിപാടിയിൽ ആളുകളുടെ തിക്കും തിരക്കും ഒഴിവാക്കുക, രോഗം പടരാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങൾ മുൻനിർത്തിയാണ് സ്ലിപ്പ് കൊടുത്തത്‌. പഞ്ചായത്തംഗമായ തന്റെ പേര് പ്രിന്റ് ചെയ്ത പേപ്പറിൽ നമ്പർ എഴുതി സ്ലിപ്പുകൾ നൽകുക മാത്രമാണ് ചെയ്തത്. സമൂഹമാധ്യമങ്ങളിൽ അടക്കം സ്ത്രീയെന്ന പരിഗണനപോലുമില്ലാതെ ബി.ജെ.പി. പ്രവർത്തകർ വേട്ടയാടുകയാണ്. ഇതിനെതിരേ പോലീസിൽ പരാതി നൽകുമെന്നും വിജുമോൾ പറഞ്ഞു.