മൂന്നാർ : മഹാപ്രളയത്തിലെ ഉരുൾപൊട്ടലിൽ തകർന്ന മൂന്നാർ ഗവ. കോളേജിന്റെ കെട്ടിടങ്ങൾ മൂന്നുവർഷത്തിനുശേഷം കഴിഞ്ഞ ദിവസം പൊളിച്ചുനീക്കി. ഇനി ആ സ്ഥലത്തൊരു കോളേജില്ല. അവശേഷിക്കുന്നത് അനാഥമായ കുറച്ച് കെട്ടിടങ്ങൾ മാത്രം. ഇതോടെ സർക്കാരിന് 20 കോടിയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.

എന്നാൽ, തീരാനഷ്ടം ജില്ലയിലെ തോട്ടംമേഖലയുൾപ്പെടെയുള്ള സ്ഥലത്തെ സാധാരണക്കാർക്കാണ്. അവരുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറകുനൽകിയ സ്ഥാപനമാണ് ഇല്ലാതായിരിക്കുന്നത്.

2018 ഓഗസ്റ്റ് 16-നുശേഷം മൂന്നുവർഷമായി കോളേജ് പ്രവർത്തിക്കുന്നത് മൂന്നാർ ഗവ. എൻജിനീയറിങ് കോളേജിന്‍റെ വർക്ക്‌ഷോപ്പ് കെട്ടിടത്തിലാണ്. ഒട്ടും പഠനസൗകര്യമില്ലാത്ത ഇവിടെ വിദ്യാർഥികൾ ബുദ്ധിമുട്ടുകയാണ്. എത്രയും മികച്ച സൗകര്യങ്ങളോടെ പുതിയ കോളേജ് മൂന്നാറിൽതന്നെ നിർമിക്കണമെന്നാണ് ആവശ്യം.

നമ്മുടെ സ്വന്തം കോളേജ്

-ലാണ് ദേവികുളം റോഡിലെ ഏഴേക്കർ സ്ഥലത്ത് കോളേജ് സ്ഥാപിച്ചത്. മൂന്നാറിലെ തോട്ടംമേഖല, വട്ടവട, മറയൂർ, ദേവികുളം, കാന്തല്ലൂർ എന്നിവിടങ്ങളിലെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം സ്വന്തം നാട്ടിൽതന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നിൽ. അതുവരെ അയൽ സംസ്ഥാനങ്ങളിലും മറ്റുമായിരുന്നു പ്രദേശത്തെ കുട്ടികൾ പഠിച്ചിരുന്നത്. അതിന് കഴിവില്ലാത്തവർ പഠനം നിർത്തിയിരുന്നു. കോളേജ് വന്നതോടെ ഇതിനൊക്കെ വലിയ മാറ്റമുണ്ടായി. നിരവധി കുട്ടികൾ ഉന്നതപഠനത്തിനായെത്തി. ആദ്യം ബിരുദ കോഴ്‌സുകൾ മാത്രമാണുണ്ടായിരുന്നത്. പിന്നീട് ബിരുദാനന്തരബിരുദ കോഴ്‌സുകളും വന്നു. നല്ലരീതിയിൽ മുമ്പോട്ടുപോകുമ്പോഴായിരുന്നു ഇടിത്തീപോലെ പ്രളയമെത്തിയത്. അതോടെ എല്ലാം തകിടംമറിഞ്ഞു.

പരിമിതികളുടെ നടുവിൽ 410 വിദ്യാർഥികൾ

ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലായി 410 വിദ്യാർഥികളാണ് ഗവ. കോളേജിൽ പഠിക്കുന്നത്. ഗവ. എൻജിനീയറിങ് കോളേജിലെ വർക്ക്‌ഷോപ്പ് കെട്ടിടം, പട്ടികജാതി വകുപ്പിന്റെ കെട്ടിടങ്ങൾ എന്നിവിടങ്ങളിലാണ് ഇവർക്ക് പഠനം. അടിസ്ഥാന സൗകര്യങ്ങൾ ഒന്നുംതന്നെയില്ല. കോവിഡ് കാരണം ക്ലാസുകളില്ലാത്തതാണ് ആശ്വാസം.

കോളേജ് കെട്ടിടം തകർന്ന് മൂന്നുവർഷം പൂർത്തിയായി. പുതിയ കോളേജ് കെട്ടിടം നിർമിക്കുന്നതിന് സർക്കാർ 25 കോടി രൂപ വകയിരുത്തിയെങ്കിലും നാളിതുവരെയായിട്ടും യോജിച്ചസ്ഥലം കണ്ടെത്തി കെട്ടിടം നിർമിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

കെട്ടിടവും സൗകര്യങ്ങളുമില്ലാത്തതിനാൽ ദുരന്തമുണ്ടായശേഷം ഓരോ വർഷവും വിദ്യാർഥികളുടെ എണ്ണം കുറഞ്ഞുവരുകയാണ്.

നിലവിൽ 23 അധ്യാപകരും എട്ട് ഗസ്റ്റ് അധ്യാപകരും 17 ജീവനക്കാരുമാണ് ഇവിടെ ജോലിചെയ്യുന്നത്. ഇവരിൽ ഭൂരിഭാഗംപേരും സ്ഥലംമാറ്റത്തിന് അപേക്ഷ നൽകി കാത്തിരിക്കുകയാണ്. വിദ്യാർഥികളും അധ്യാപകരും ഇല്ലാതാകുകയും കോളേജിന് പുതിയ കെട്ടിടം നിർമിക്കാതെയുംവരുന്നതോടെ കാൽനൂറ്റാണ്ടുകാലം തോട്ടംമേഖല ഉൾപ്പെടുന്ന പ്രദേശത്തെ വിദ്യാർഥികൾക്ക് അക്ഷരവെളിച്ചമായിരുന്ന മൂന്നാർ ഗവ.കോളേജ് ഓർമയാകുന്ന അവസ്ഥയാണിപ്പോൾ.

കെട്ടിടങ്ങൾ പണിതത് ഭൗമശാസ്ത്രവകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ച്

: ഭൗമശാസ്ത്രവിഭാഗത്തിന്റെ റിപ്പോർട്ട് അവഗണിച്ച് കുന്നിടിച്ച് വൻ കെട്ടിടങ്ങൾ ഉയർത്തിയതാണ് ഗവ. കോളേജ് കെട്ടിടത്തിന്റെ തകർച്ചയ്ക്ക് കാരണമെന്ന ആരോപണം ശക്തമാണ്. ഇടയ്ക്കിടയ്ക്ക് മണ്ണിടിച്ചിലുണ്ടാകുന്ന പ്രദേശത്ത് വൻകെട്ടിടങ്ങൾ നിർമിക്കരുതെന്ന് ജിയോളജി വകുപ്പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. അത് അവഗണിച്ച് നിർമിച്ച കെട്ടിടങ്ങളാണ് 2018 ഓഗസ്റ്റ് 16-നുണ്ടായ ഉരുൾപൊട്ടലിൽ പ്രധാനമായും തകർന്നത്. അതും ഉദ്ഘാടനത്തിന് ഒരാഴ്ച മുമ്പ്.

കോളേജിന്റെ പ്രവർത്തനമാരംഭിച്ചശേഷം 2004-ലാണ് ഇവിടെ ആദ്യം മണ്ണിടിച്ചിലുണ്ടായത്. കോളേജിലെ കംപ്യൂട്ടർ ലാബ്, കാന്റീൻ കെട്ടിടങ്ങൾ തകർന്നു. ഇതേത്തുടർന്ന് കോളേജിന്റെ പ്രവർത്തനം കോളനി റോഡിലെ പട്ടികജാതി വകുപ്പിന്റെ കെട്ടിടത്തിലേക്ക് മാറ്റി. പിന്നീട്, ജില്ലാപഞ്ചായത്തും സാക്ഷരതാമിഷനും കോടികൾ ചെലവഴിച്ച്, തകർന്ന കെട്ടിടങ്ങൾ നവീകരിച്ചശേഷമാണ് കോളേജ് ഇവിടേക്കുമാറ്റി പ്രവർത്തനം പുനരാരംഭിച്ചത്.

കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി 2010-ൽ സർക്കാർ കൂടുതൽ ഫണ്ട് അനുവദിച്ചതിനെത്തുടർന്ന് ജില്ലാ ജിയോളജി വകുപ്പ് പ്രദേശത്ത് നടത്തിയ പരിശോധനയിൽ ഇവിടെ ദുരന്തസാധ്യതയുള്ളതായും വൻകെട്ടിടങ്ങൾ നിർമിക്കരുതെന്നും കാണിച്ച്‌ ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ടുനൽകി. എന്നാൽ, ഈ റിപ്പോർട്ട് അവഗണിച്ച് ചില ഭരണാധികാരികളും ഉദ്യോഗസ്ഥരും ചേർന്ന് മലയിടിച്ച് ആറ് കൂറ്റൻ കെട്ടിടങ്ങൾ നിർമിച്ചു.

വിദ്യാർഥികൾക്കുള്ള ഹോസ്റ്റലുകൾ, അധ്യാപകർക്കുളള ക്വാർട്ടേഴ്സുകൾ, പ്രിൻസിപ്പൽ ക്വാർട്ടേഴ്‌സ്‌, സ്റ്റാഫ് ക്വാർട്ടേഴ്‌സ്‌, ഫിസിക്കൽ എജ്യൂക്കേഷൻ വിഭാഗം, ലൈബ്രറിക്കെട്ടിടം എന്നിവയാണ് റിപ്പോർട്ട് അവഗണിച്ച് നിർമിച്ചത്. പുതുതായി നിർമാണം പൂർത്തിയായ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യുന്നതിന് ഒരാഴ്ച മുമ്പാണ് പ്രദേശത്ത് ഉരുൾപൊട്ടലുണ്ടായത്. പുതുതായി നിർമിച്ച പ്രിൻസിപ്പൽ ക്വാർട്ടേഴ്‌സ്‌, ലേഡീസ് ഹോസ്റ്റൽ എന്നിവ പൂർണമായി ഉരുൾപൊട്ടലിൽ ഒഴുകിപ്പോയി. ഹോസ്റ്റലിലേക്കുവാങ്ങിയ 10 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് നശിച്ചത്. കൂടാതെ ലൈബ്രറിക്കെട്ടിടം, അക്കാദമിക് കെട്ടിടം എന്നിവ പാതി തകരുകയും ചെയ്തു.

നിലവിൽ അഞ്ച് കെട്ടിടങ്ങളാണ് ഇവിടെ അവശേഷിക്കുന്നത്. ഇവയിൽ തകർന്ന ലൈബ്രറി കെട്ടിടത്തിനു മുകൾഭാഗത്തുള്ള രണ്ട് ഹോസ്റ്റൽ കെട്ടിടങ്ങൾ തകർന്നു വീഴാവുന്നനിലയിലാണ്. ദേശീയപാതയോരത്തെ മണ്ണിടിയുന്നതാണ് ഭീഷണിക്ക് കാരണം. മേഖലയിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ കോടികൾ മുടക്കി പണിത കെട്ടിടങ്ങൾ മറ്റൊന്നിനും ഉപയോഗിക്കാൻ കഴിയാതെ ഉപേക്ഷിക്കപ്പെട്ടനിലയിൽ കാടുകയറിനശിക്കുകയാണ്.