മൂന്നാർ: വെള്ളാരംകല്ലിൽ ഒളിച്ചിരുന്ന ഭൂമിയിലെ അണയാത്ത തീ. അതിന് കാവൽനിൽക്കുന്ന കൃഷ്ണൻ മുതുവാൻ. തീയെയും കാവൽക്കാരനെയും തേടി കാടും മേടും കുന്നും പുഴയും കടന്നൊരു യാത്ര. മുതുവാൻ സമുദായത്തിന്റെ കല്പിതകഥകളിലൂടെയുള്ള ഹ്രസ്വചിത്രം യാത്ര ‘തീയുടെ കാവൽക്കാരൻ’ ശ്രദ്ധേയമാകുന്നു.

മുതുവാൻ സമുദായത്തിന്റെ ചെറുചരിത്രവും കല്പിതകഥകളിലൂടെ അവർ പങ്കുവെയ്ക്കുന്ന പ്രകൃതിസംരക്ഷണ പാഠങ്ങളുമാണ് വനംവകുപ്പ് ഒരുക്കിയ ഒൻപത് മിനിറ്റ്‌ ദൈർഘ്യമുള്ള ഈ ചെറുചിത്രം പങ്കുവെയ്ക്കുന്നത്. സംവിധായകൻ ലാൽ ജോസാണ് അണയാത്ത തീയെയും അതിന്റെ കാവൽക്കാരൻ കൃഷ്ണൻ മുതുവാനെയും തേടിയെത്തുന്നത്. കൂട്ടിന് മാങ്കുളം ഡി.എഫ്.ഒ. പി.ജെ.സുഹൈബും. കടുംപച്ച ചോലവനത്തിലൂടെയുള്ള അവരുടെ യാത്ര കാഴ്ചക്കാരുടെ മനം കുളിർപ്പിക്കുന്നതാണ്.

വനംവകുപ്പിന് കീഴിലുള്ള ഇക്കോ ഡെവലപ്മെന്റ് ആൻഡ് ട്രൈബൽ വെൽഫെയർ ഡയറക്ടർ പ്രമോദ് ജി.കൃഷ്ണൻ, ഡെപ്യൂട്ടി കൺസർവേറ്റർ രാജു കെ.ഫ്രാൻസിസ് എന്നിവർചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

മൂന്നാർ വാഗുവര ലക്കം കോളനിയിലെ തൊണ്ണൂറുകാരനായ ആദിവാസിമൂപ്പൻ കൃഷ്ണനും അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്റെ പ്രകാശനം തിരുവനന്തപുരത്ത് വനംമന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിച്ചു. മാങ്കുളം ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസി, യു.എൻ.ഡി.പി.ഐ. എന്നിവയുടെ സാമ്പത്തികസഹായത്തോടെയാണ് ലഘുചിത്രം നിർമിച്ചത്. വനംവകുപ്പിന്റെ കീഴിലുള്ള യൂ ട്യൂബ് ചാനലിൽ ചിത്രം കാണാം. ലിങ്ക് https://youtu.be/SPD_mi8GUA.