നെടുങ്കണ്ടം : കരുണാപുരം പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ തട്ടിപ്പ് നടത്താൻ ഇടതു ഭരണകാലത്ത് ശ്രമം നടന്നതായി ആരോപണം. പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിൻസ് ഉൾപ്പടെയുള്ള യു.ഡി.എഫ്. അംഗങ്ങളാണ് മുൻ എൽ.ഡി.എഫ്. ഭരണ നേതൃത്വത്തിനെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

എൽ.ഡി.എഫ്. ഭരണ നേതൃത്വവും സി.ഡി.എസ്. ചെയർപേഴ്സണും ചേർന്ന് ബിനാമികളെ ഉപയോഗിച്ച് സിറ്റിസൺ ഇൻഫർമേഷൻ ബോർഡ് സ്ഥാപിക്കാനുള്ള കരാർ തട്ടിയെടുക്കാൻ ശ്രമിച്ചതായാണ് ആരോപണം. തട്ടിപ്പ് കണ്ടെത്തിയതിനാൽ പുതിയ ടെൻഡർ വിളിക്കുമെന്ന് പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു.

2021 ഓഗസ്റ്റ് വരെയായിരുന്നു എൽ.ഡി.എഫ്. ഭരണം. ഇക്കാലയളവിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ചതായാണ് ആരോപണം. 17 വാർഡുകളുള്ള പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾക്കായി ആയിരത്തോളം ബോർഡുകൾ ആവശ്യമുണ്ട്. ഒരു ബോർഡിന് 3,000 മുതൽ 5,000 രൂപ വരെ നൽകും. ഇത്തരത്തിൽ 30 ലക്ഷത്തിലേറെ ചെലവ് വരുന്ന പദ്ധതി നടപ്പാക്കുന്നതിന് കുടുംബശ്രീ യൂണിറ്റുകൾക്കാണ് മുൻഗണന. അതിനാൽ എൽ.ഡി.എഫ്. നേതൃത്വവും സി.ഡി.എസ്. ചെയർപേഴ്സണും ചേർന്ന് ഇഷ്ടക്കാരെ ഉൾപ്പെടുത്തി കടലാസ് യൂണിറ്റ് തട്ടിക്കൂട്ടി. സി.ഡി.എസ്. ചെയർപേഴ്സണിന്റെ ഭർത്താവ്, പഞ്ചായത്തിലെ സി.പി.എം. വനിതാ മെമ്പറുടെ സഹോദരനും ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മൂന്ന് വനിതകളും ഈ യൂണിറ്റിലുണ്ട്. ടെൻഡർ നോട്ടീസ് ഇറക്കിയതിന് ശേഷമാണ് യൂണിറ്റ് രൂപവത്കരിച്ചത്.

തുക രേഖപ്പെടുത്താത്ത ടെൻഡർ മാത്രം സ്വീകരിച്ച് പദ്ധതി കൈമാറാൻ ശ്രമം നടത്തി. പത്രപ്പരസ്യം നൽകാത്തതിനാൽ മറ്റാരും എത്തിയതുമില്ല. സംഭവം അന്വേഷിച്ച് വന്ന കുടുംബശ്രീ യൂണിറ്റുകളെ നിരുത്സാഹപ്പെടുത്തി മടക്കിയയച്ചുവെന്നും പ്രസിഡന്റ് ആരോപിച്ചു.

പഞ്ചായത്തിലെ മുഴുവൻ പദ്ധതികളും സുതാര്യമായി നടപ്പിലാക്കാനാണ് നിലവിലെ ഭരണസമിതി ശ്രമിക്കുന്നതെന്ന് പ്രസിഡന്റും വൈസ് പ്രസിഡന്റ് പി.ആർ.ബിനു, മെമ്പർമാരായ റാബി സിദ്ദിഖ്, ശോഭനാമ്മ ഗോപിനാഥൻ, ജയ് തോമസ്, സുനിൽ പൂതക്കുഴി, ശ്യാമളാ മധുസൂദനൻ എന്നിവരും പറഞ്ഞു. ബിനാമി സംഘത്തിനുതന്നെ കരാർ നൽകണമെന്ന് ആവശ്യപ്പെട്ട് മുൻ പഞ്ചായത്ത് പ്രസിഡന്റ് വിൻസി വാവച്ചൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.സി.അനിൽ എന്നിവരുടെ നേതൃത്വത്തിൽ മുദ്രാവാക്യം വിളിച്ച് പഞ്ചായത്ത് കമ്മിറ്റി അലങ്കോലപ്പെടുത്തി ഇറങ്ങിപ്പോയതായും ഭരണസമിതി അംഗങ്ങൾ ആരോപിച്ചു.

എന്നാൽ, ആരോപണങ്ങൾ അടിസ്ഥാന രഹതിമാണെന്ന് പഞ്ചായത്തിലെ എൽ.ഡി.എഫ്.അംഗങ്ങൾ പ്രതികരിച്ചു. മുൻ ഭരണസമിതിയുടെ കാലയളവിൽ ഏകകണ്ഠമായി എടുത്ത തീരുമാനത്തെ അവിശ്വാസത്തിലൂടെ ഭരണത്തിലെത്തിയ യു.ഡി.എഫ്.-എൻ.ഡി.എ. ഭരണസമിതി അട്ടിമറിക്കുകയാണ്.

പദ്ധതി വ്യക്തികൾക്ക് നൽകി കമ്മിഷൻ തട്ടാനുള്ള നീക്കമാണ് ഇവർ നടത്തുന്നതെന്നും എൽ.ഡി.എഫ് അംഗങ്ങൾ പറഞ്ഞു.