കുമളി : മരങ്ങൾക്കിടയിലൂടെ കടന്നുപോകുന്നത് നിരവധി വൈദ്യുതി കണക്ഷനുകൾ. കാറ്റടിച്ചാൽ വൈദ്യുതി ലൈനുകൾ തമ്മിലുരസി തീ പടരുന്നത് പതിവ്. അമ്പാടിക്കവലയ്ക്കും അമലാംബിക സ്‌കൂളിലും ഇടയിലുള്ള റോഡിന്റെ സമീപത്തെ പോസ്റ്റിലെ കാഴ്ചയാണിത്. ദിവസവും നൂറുകണക്കിന് വാഹനങ്ങളും നിരവധി വിനോദസഞ്ചാരികളും ആശ്രയിക്കുന്ന റോഡിന്റെ സമീപമാണ് വലിയ അപകടം നടക്കാൻ സാധ്യതയുള്ള പോസ്റ്റും വൈദ്യുതി കണക്ഷനുകളുമുള്ളത്.

സമീപത്തെ പുളി മരത്തിനുള്ളിലൂടെ പോകുന്ന വൈദ്യുതിലൈനുകൾ കഴിഞ്ഞ ഒരാഴ്ചക്കാലത്തിനിടയിൽ നിരവധിതവണ കാറ്റടിച്ച് തമ്മിലുരസി പരിസരത്ത് തീയും പടർന്നു.

സ്‌കൂളുകളിൽ കുട്ടികൾ എത്താൻ തുടങ്ങിയതോടെ അധികൃതർ ആശങ്ക അറിയിച്ച് വൈദ്യുതി ബോർഡിനെ ബന്ധപ്പെട്ടു. അപകടകരമായി നിൽക്കുന്ന മരത്തിന്റെ ശിഖരങ്ങൾ വെട്ടിമാറ്റി സുരക്ഷ ഉറപ്പാക്കുമെന്ന് അറിയിച്ചെങ്കിലും നടപടി വാക്കുകളിൽ ഒതുങ്ങി. അമ്പതിലധികം കുടുംബങ്ങൾ അപകടകരമായി നിൽക്കുന്ന ഈ വൈദ്യുതി ലൈനുകൾക്ക് താഴെയുള്ള ഇടവഴികളിലൂടെയാണ് വീടുകളിലേക്ക് പോകുന്നത്. മഴ ശക്തമായി പെയ്യുമ്പോൾ പലരും വൈദ്യൂതിലൈനുകൾ തമ്മിലുരസി പൊട്ടിവീഴുമെന്ന ഭയത്തിൽ മഴ കുറയാൻ മണിക്കൂറുകളോളം കാത്ത് നിൽക്കുന്ന സ്ഥിതിവരെ ഇവിടെയുണ്ട്. അപകടകരമായി നിൽക്കുന്ന മരത്തിന്റെ ചില്ലകൾ വെട്ടിമാറ്റാൻ പ്രദേശവാസികൾ മാസങ്ങൾക്ക് മുമ്പ് കെ.എസ്.ഇ.ബി. അധികൃതരെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി പോലും നൽകാൻ തയ്യാറായിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

സ്‌കൂൾ കുട്ടികൾ ഉൾപ്പടെ കാൽനടയായി പോകുന്ന റോഡിൽ അപകടഭീഷണിയായി നിൽക്കുന്ന മരത്തിന്റെ ചില്ലകൾ വെട്ടിമാറ്റുന്നതിനൊപ്പം വൈദ്യുതി ലൈനുകൾ അപകടഭീഷണി ഉയർത്താത്ത രീതിയിൽ ക്രമീകരിച്ച് ആശങ്ക അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.