ഉപ്പുതറ: ശബരിമല തീര്‍ഥാടനം തുടങ്ങാന്‍ ഒരാഴ്ച മാത്രം അവശേഷിച്ചിരിക്കെ തകര്‍ന്നു കിടക്കുന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കിയില്ല. ഒരാഴ്ച മുന്‍പ് ടാര്‍, മിറ്റല്‍ തുടങ്ങിയ അസംസ്‌കൃത സാമഗ്രികള്‍ എത്തിച്ചെങ്കിലും മഴ കാരണം പണി തുടങ്ങിയില്ല. എന്നാല്‍ തീര്‍ഥാടകര്‍ക്ക് വിരിവെച്ചു വിശ്രമിക്കാനുള്ള ഇടത്താവളങ്ങളിലെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ് .

നവംബര്‍ 16നാണ് മണ്ഡലകാലം തുടങ്ങുന്നത്. വൃശ്ചികം ഒന്നിനു മുന്‍പുതന്നെ തീര്‍ഥാടകര്‍ ദര്‍ശനപുണ്യത്തിനായി ശബരിമലയിലേക്കെത്തിത്തുടങ്ങും.

തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ ആശ്രയിക്കുന്നത് ഹൈറേഞ്ചിലെ റോഡുകളെയാണ്. എന്‍.എച്ചിന്റെ ഭാഗമായ കുമളി-വണ്ടിപ്പെരിയാര്‍-കുട്ടിക്കാനം റോഡും കട്ടപ്പന- കുട്ടിക്കാനം സംസ്ഥാന പാതയുമാണ് ഇതില്‍ പ്രധാനം. കേരളത്തിന്റെ അതിര്‍ത്തിയായ കമ്പംമെട്ടു മുതല്‍ കുട്ടിക്കാനം വരെ സംസ്ഥാനപാത പൂര്‍ണമായും തകര്‍ന്നു കിടക്കുകയാണ്.
 
മഴ ഒരു കാരണമല്ലെന്നിരിക്കെ കാഴ്ച മറച്ച് വളര്‍ന്നു നില്‍ക്കുന്ന കാടുവെട്ടാനും അപകടസൂചനാ മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാനും നടപടിയുണ്ടായിട്ടില്ല. മുന്‍പു സ്ഥാപിച്ച ബോര്‍ഡുകള്‍ പലതും തരുമ്പെടുത്തുനശിച്ചു. പെയിന്റിങ്ങും മാഞ്ഞിട്ടുണ്ട്. ഇവയെല്ലാം കാടിനുള്ളില്‍ ഒളിച്ചിരിക്കുകയുമാണ്. കഴിഞ്ഞ തീര്‍ഥാടന കാലത്തിന് തൊട്ടുമുന്‍പ് ശബരിമല പാക്കേജില്‍പ്പെടുത്തി അറ്റകുറ്റപ്പണികള്‍ നടത്തിയ റോഡുകള്‍ രണ്ടുമാസം കഴിയുംമുമ്പേ തകര്‍ന്നിരുന്നു. റോഡിലെ വലിയ കുഴികളും കൊടുംവളവുകളും പരിചയമില്ലാത്ത ഡ്രൈവര്‍മാരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നത്. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഇടത്താവളങ്ങളിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായത് ശുഭകരമാണ്.
 
പ്രധാന ഇടത്താവളങ്ങളില്‍ ഒന്നായ ചപ്പാത്ത് ശ്രീധര്‍മശാസ്താ ക്ഷേത്രപരിസരത്ത് ശുചിത്വമിഷന്‍ 11 ലക്ഷം രൂപ ചെലവഴിച്ച് ആറു ടോയ്‌ലറ്റുകളും ഡ്രസ്സിങ് റൂമും നിര്‍മിച്ചു നല്‍കി. വിരിവെച്ച് വിശ്രമിക്കാനുള്ള സൗകര്യം ക്ഷേത്രഭരണ സമിതിയും തയ്യാറാക്കിയിട്ടുണ്ട്. കമ്പംമെട്ട്, പുളിയന്മല, കട്ടപ്പന, നരിയമ്പാറ, കാഞ്ചിയാര്‍, തൊപ്പിപ്പാള, അയ്യപ്പന്‍കോവില്‍, മാട്ടക്കട്ട, ചിന്നാര്‍, ഏലപ്പാറ തുടങ്ങിയ ക്ഷേത്രങ്ങളിലും ഇടത്താവളങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ റോഡുകളുടെ ശോച്യാവസ്ഥ അയ്യപ്പന്മാര്‍ക്ക് ദുരിതയാത്രയാകും സമ്മാനിക്കുക.