തൊടുപുഴ: യു.ഡി.എഫ്. ധാരണപ്രകാരമുള്ള നേതൃമാറ്റത്തിന് മുന്നോടിയായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ രാജിവെച്ചു. രാജിവെക്കേണ്ട തീയതിക്ക് രണ്ട് ദിവസം മുമ്പേ ചെയര്‍പേഴ്‌സണ്‍ നഗരസഭാ സെക്രട്ടറിയുടെ ചാര്‍ജ് വഹിക്കുന്ന സൂപ്രണ്ടിന് രാജിക്കത്ത് കൈമാറുകയായിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിന്റെ ജെസി ആന്റണിയാണ് യു.ഡി.എഫിന്റെ പുതിയ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി. തിരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കും.

കൗണ്‍സിലില്‍ പ്രഖ്യാപനം

കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ്, ലീഗ്, കേരള കോണ്‍ഗ്രസ് (എം) നേതാക്കള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് കീറാമുട്ടിയായി നിന്ന നേതൃമാറ്റത്തെക്കുറിച്ച് സമവായമുണ്ടാകുന്നത്. 28-ന് ചെയര്‍പേഴ്‌സണ്‍ രാജി നല്‍കണമെന്നായിരുന്നു തീരുമാനം. എന്നാല്‍ വെള്ളിയാഴ്ച രാവിലെ നടന്ന കൗണ്‍സില്‍ യോഗത്തിന് ശേഷം രാജിവെക്കുകയാണെന്ന് ചെയര്‍പേഴ്‌സണ്‍ പ്രഖ്യാപിക്കുകയായിരുന്നു.
 
തുടര്‍ന്ന് വൈസ് ചെയര്‍മാന്‍ ടി.കെ.സുധാകരന്‍ നായര്‍, എല്‍.ഡി.എഫ്. കൗണ്‍സിലര്‍മാരായ ആര്‍.ഹരി, രാജീവ് പുഷ്പാംഗദന്‍, യു.ഡി.എഫ്. കൗണ്‍സിലര്‍മാരായ എ.എം.ഹാരിദ്, പി.എ.ഷാഹുല്‍ ഹമീദ്, ബിജെ.പി. കൗണ്‍സിലര്‍മാരായ ബാബു പരമേശ്വരന്‍, രേണുകാ രാജശേഖരന്‍, വിജയകുമാരി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. എല്‍.ഡി.എഫ്. കൗണ്‍സിലര്‍മാരായ സുമമോള്‍ സ്റ്റീഫനും ബിന്‍സി അലിയും വികാരാധീനരായി. തുടര്‍ന്ന് മറുപടിപ്രസംഗത്തില്‍ ചെയര്‍പേഴ്‌സണ്‍ എല്ലാ കൗണ്‍സിലര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നന്ദി പറഞ്ഞു. ഉച്ചകഴിഞ്ഞ് 2.50-നാണ് ചെയര്‍പേഴ്‌സണ്‍ രാജി സമര്‍പ്പിച്ചത്.

ഇനി തിരഞ്ഞെടുപ്പ് കമ്മിഷന്റെ കൈയില്‍

ചെയര്‍പേഴ്‌സണ്‍ രാജിവെച്ചെങ്കിലും വൈസ് ചെയര്‍മാന്‍ കുറച്ച് നാള്‍ കൂടി സ്ഥാനത്ത് തുടരും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് 15 ദിവസം വേണം. ഇതിനുശേഷം തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും.

മുന്നണി ധാരണപ്രകാരം 2017 നവംബര്‍ 18-ന് മുസ്ലിം ലീഗ് കൗണ്‍സിലറായിരുന്ന സഫിയ ജബ്ബാര്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെച്ച് കേരള കോണ്‍ഗ്രസ് എമ്മിന് സ്ഥാനം വിട്ടുകൊടുക്കേണ്ടതായിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ വിമതസ്വരമുയര്‍ന്നതും കേരള കോണ്‍ഗ്രസ് (എം) മുന്നണി വിട്ടുപോയതും ആറ് മാസത്തോളം നേതൃമാറ്റം വൈകിപ്പിക്കുകയായിരുന്നു.

വിഷമിപ്പിച്ചത് ഭരണമുന്നണിക്കാര്‍

ചെയര്‍പേഴ്‌സണായിരുന്ന കാലത്ത് ചില യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ തന്നെ വല്ലാതെ വിഷമിപ്പിച്ചെന്ന് സഫിയ ജബ്ബാര്‍ മറുപടിപ്രസംഗത്തില്‍ പറഞ്ഞു. അത്രത്തോളം തന്നെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ വിഷമിപ്പിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.