തൊടുപുഴ: നഗരസഭാ പരിധിയിലെ റോഡുകളിലും പൊതുസ്ഥലങ്ങളിലും പരസ്യ, പ്രചാരണ ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുന്നതിന് ജൂണ്‍ ഒന്നു മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. വിഷയം പഠിക്കാന്‍ നിയോഗിച്ച സബ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം മുനിസിപ്പല്‍ കൗണ്‍സിലാണ് തീരുമാനമെടുത്തത്.

സബ്കമ്മിറ്റി നിര്‍ദേശിച്ചിട്ടുള്ള പരസ്യ നിരോധിത മേഖലകളില്‍ ബോര്‍ഡുകളും ബാനറുകളും കൊടികളും മറ്റും കെട്ടിയാല്‍ പിഴ അടക്കമുള്ള നടപടികള്‍ സ്വീകരിക്കും. പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാവുന്ന സ്ഥലങ്ങളും നഗരസഭ നിശ്ചയിച്ചിട്ടുണ്ട്. ഇവിടെ സ്ഥാപിക്കുന്നതിനും നിബന്ധനകളുണ്ട്. തീരുമാനം നടപ്പാക്കുന്നതിന് എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും സഹകരണം അഭ്യര്‍ഥിച്ച് കത്ത് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

മുനിസിപ്പല്‍ മൈതാനത്തിനു ചുറ്റും ചുവര്‍ചിത്രങ്ങള്‍ മറയ്ക്കുന്ന രീതിയില്‍ ബോര്‍ഡുകളോ ബാനറുകളോ സ്ഥാപിക്കാന്‍ അനുവദിക്കില്ല. അതുപോലെ എല്ലാ ബൈപ്പാസ് റോഡുകളും നാലുവരിപ്പാതകളും ട്രാഫിക് ഐലന്‍ഡുകളും ഡിവൈഡറുകളും പാലങ്ങളുടെ കൈവരികളും പരസ്യ നിരോധിത മേഖലയായി പ്രഖ്യാപിച്ചു. അതേസമയം പാലത്തിന്റെ നടപ്പാതയിലെ പുറത്തെ കൈവരിയില്‍ ബുദ്ധിമുട്ടുണ്ടാകാത്തവിധം കൊടികളും തോരണങ്ങളും സ്ഥാപിക്കാം.

നിരോധിത മേഖലകള്‍
 • മുനിസിപ്പല്‍ ഓഫീസ് മുതല്‍ കോലാനി ജങ്ഷനില്‍ പാലാ റോഡിലും വൈക്കം റോഡിലും 150 മീറ്റര്‍ വരെ.
 • മൂലമറ്റം റോഡില്‍ ഐ.എച്ച്.ആര്‍.ഡി. കോളേജ് വരെ.
 • വെള്ളിയാമറ്റം റോഡില്‍ കാരിക്കോട് നൈനാര്‍ പള്ളിയില്‍ നിന്ന് 150 മീറ്റര്‍ വരെ.
 • മങ്ങാട്ടുകവല-മുതലക്കോടം റോഡില്‍ മഹിമ സൂപ്പര്‍ മാര്‍ക്കറ്റിന് മുന്‍ഭാഗം വരെ.
 • മണക്കാട് റോഡില്‍ ബൈപ്പാസ് ജങ്ഷന്‍ വരെ.
 • വെങ്ങല്ലൂര്‍ സിഗ്നല്‍ ജങ്ഷനില്‍ നിന്ന് മൂവാറ്റുപുഴ റോഡില്‍ 150 മീറ്റര്‍ വരെയും കുമാരമംഗലം റോഡില്‍ പഴയ പോസ്റ്റ് ഓഫീസ് വരെയും.
 • കാഞ്ഞിരമറ്റം റോഡില്‍ മാരിയില്‍ ലോഡ്ജ് വരെ.
 • പഴയ കോളേജ് റോഡ് മുഴുവനും.
 • പൊതുസ്ഥലങ്ങള്‍(മുനിസിപ്പല്‍ മൈതാനം, സ്റ്റേഡിയം, ടൗണ്‍ഹാള്‍, ശ്മശാനം, മുനിസിപ്പല്‍ പാര്‍ക്ക്, ബസ് സ്റ്റാന്‍ഡുകള്‍, ടാക്‌സി സ്റ്റാന്‍ഡുകള്‍, ഷോപ്പിങ് കോംപ്ലക്‌സ്, വെയിറ്റിങ് ഷെഡുകള്‍).

ബോര്‍ഡുകള്‍ സ്ഥാപിക്കാവുന്ന സ്ഥലങ്ങള്‍
 • പുഴയരികിലെ പഴയ സ്റ്റാന്‍ഡ്, മുനിസിപ്പല്‍ ഓഫീസ്, ടൗണ്‍ഹാളിനോടു ചേര്‍ന്നുള്ള മുനിസിപ്പല്‍ ബില്‍ഡിങ് എന്നീ ഭാഗങ്ങളില്‍ തൊടുപുഴയാറിന്റെ കരിങ്കല്‍ഭിത്തിയില്‍ തറനിരപ്പില്‍ നിന്ന് ഒരു മീറ്റര്‍ ഉയര്‍ത്തി ബോര്‍ഡ് വെക്കാം.
 • പുഴയോടു ചേര്‍ന്നുള്ള മതിലില്‍ അഞ്ചടി വീതിയിലും പത്തടി ഉയരത്തിലുമുള്ള ബോര്‍ഡുകള്‍ ഒരു കക്ഷിക്ക് അനുവദിക്കും. മറ്റിടങ്ങളില്‍ പരമാവധി വലുപ്പം നാല് അടി വീതിയും ആറടി ഉയരവുമാണ്.
 • മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡിന്റെ പ്രവേശനകവാടത്തില്‍ ഇടതുഭാഗം ചേര്‍ന്ന് 20 മീറ്റര്‍ നീളത്തില്‍ പേ ആന്‍ഡ് പാര്‍ക്ക് ഗ്രൗണ്ടിന്റെ മതിലിലും മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡിലെ അനൗണ്‍സ്‌മെന്റ് ബൂത്തിന് പിന്‍ഭാഗത്തെ ഓടയ്ക്ക് സമീപം പത്തു മീറ്റര്‍ നീളത്തിലും കാരിക്കോട് ജങ്ഷനില്‍ ഓട്ടോ സ്റ്റാന്‍ഡിനോട് ചേര്‍ന്നും.
 • ധന്വന്തരി വൈദ്യശാലയുടെയും കുരിശുപള്ളിയുടെയും മധ്യേ 17 മീറ്ററിലും വെങ്ങല്ലൂര്‍ ജങ്ഷനില്‍ പഴയ, പുതിയ റോഡുകള്‍ ചേരുന്ന സ്ഥലത്തും കാഡ്‌സ് റോഡില്‍ ചേര്‍ക്കോട്ട് റക്‌സിന്‍ ഹൗസിന്റെ എതിര്‍ഭാഗത്തെ കല്‍ക്കെട്ടില്‍ 15 മീറ്ററിലും.
 • മാരിയില്‍കടവ് പാലത്തോട് ചേര്‍ന്ന ടോള്‍ബൂത്തിന് ചുറ്റും, പുതിയ കെ.എസ്.ആര്‍.ടി.സി. ടെര്‍മിനലിന് സമീപത്തെ ബസ് സ്റ്റോപ്പിന് പിന്നിലെ ഭിത്തിയില്‍, കോലാനി കൊച്ചുതോട് സൈഡ്, ഫയര്‍ സ്റ്റേഷന്റെ ഭിത്തി, മണക്കാട് റോഡില്‍ തച്ചേട്ടുകടവ് റോഡിനും കല്ലുകുഴിയില്‍ വീടിന് സമീപവും കല്‍ക്കെട്ടിനരികില്‍.