തൊടുപുഴ: ലോകശാസ്ത്രദിനത്തോട് അനുബന്ധിച്ച് വെള്ളിയാഴ്ച തൊടുപുഴ വിമലാ പബ്ലിക് സ്‌കൂളില്‍ 'സയന്‍ഷ്യ 2കെ17' എന്ന പേരില്‍ സയന്‍സ് എക്‌സ്‌പോയും ബി-ബോക്‌സ് ഇന്നവേഷന്‍ ഡേയും നടത്തും. തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് 6.30 വരെയാണ് പരിപാടി. മൂന്ന് കാറ്റഗറികളിലായി നടക്കുന്ന മത്സരത്തില്‍ സ്റ്റില്‍ മോഡല്‍സും വര്‍ക്കിങ് മോഡല്‍സും ഉണ്ടാവും. വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ സീനിയര്‍ സയന്റിസ്റ്റ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്യും. സരസ്വതി സൂപ്പര്‍ ക്ലസ്റ്റര്‍ ഗാലക്‌സി കണ്ടുപിടിച്ച ഡോ. ജോ ജേക്കബ്ബിനെ ചടങ്ങില്‍ ആദരിക്കും.

സാങ്കേതിക വിദ്യകളെ പ്രായോഗിക ജീവിതത്തില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി ജീവിതവിജയം കൈവരിക്കാന്‍ പുതുതലമുറയെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ബി-ബോക്‌സ് (ബ്രെയിന്‍ ഇന്‍ ബോക്‌സ്) എന്ന ഇന്നവേഷന്‍ ലാബ് ഈവര്‍ഷം മുതലാണ് പാഠ്യപദ്ധതിയുടെ ഭാഗമാക്കിയത്. അഞ്ചു മുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ക്കാണ് ബി-ബോക്‌സ് പരിശീലനം നല്‍കുക.

കുട്ടികളുടെ സ്റ്റാളുകള്‍ക്കു പുറമേ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും സ്റ്റാളുകളും ഒരുക്കും. ബെംഗളൂരു വേഗ പോര്‍ട്ടബിളിന്റെ സഹായത്തോടെ പ്ലാനട്ടോറിയവും സജ്ജമാക്കും. പൊതുജനങ്ങള്‍ക്കും മറ്റു സ്‌കൂളുകളിലെ കുട്ടികള്‍ക്കും പ്രദര്‍ശനം കാണാം.

ഇതോടനുബന്ധിച്ച് പി.ടി.എ. സംഘടിപ്പിക്കുന്ന ഫുഡ് ഫെസ്റ്റില്‍നിന്ന് സമാഹരിക്കുന്ന ഫണ്ട് കുമാരമംഗലം നെടുവത്തുംചാല്‍ കോളനി നിവാസികള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ ഉപയോഗിക്കും. സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ സോന സാബു, അലന്‍ ജോസ്, സോന ബാബു, ആന്‍സി ജോസഫ്, ആഗ്ന ബിജോ, റിയാ തെരേസ് ജേക്കബ് എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.