തൊടുപുഴ: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്നുണ്ടായ വിവാദമൊന്നും തന്നെ ബാധിച്ചിട്ടില്ലെന്ന് തെളിയിച്ചു കൊണ്ടാണ് ഉമ്മന്‍ചാണ്ടി ഇടുക്കിയില്‍ സംഘടനാ പ്രവര്‍ത്തനവുമായി എത്തിയത്. കോണ്‍ഗ്രസ്സ് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ കുടുംബയോഗങ്ങളില്‍ പങ്കെടുക്കുന്നതിനായാണ് ശനിയാഴ്ച അദ്ദേഹം ജില്ലയിലെത്തിയത്. ഉച്ചക്ക് ഒരുണിയോടെ തൊടുപുഴ ഗസ്റ്റ്ഹൗസില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വാഹനത്തില്‍ മുന്‍ മുഖ്യമന്ത്രിയെത്തി. പാര്‍ട്ടിയുടെ തൊടുപുഴയിലെ നേതാക്കന്‍മാരുടെ യോഗത്തില്‍ ഏതാനും സമയം സംസാരിച്ചു.

ഇതിനുശേഷം മാധ്യമങ്ങളെ കണ്ടെങ്കിലും കഴിഞ്ഞദിവസങ്ങളില്‍ പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ലെന്ന് ഉമ്മന്‍ചാണ്ടി ആദ്യംതന്നെ പറഞ്ഞു. ചോദ്യങ്ങള്‍ തുടരെ ഉയര്‍ന്നെങ്കിലും സോളാര്‍കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഒരുഭാഗംമാത്രം പുറത്തുവന്നതില്‍ ദുരൂഹതയുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. റിപ്പോര്‍ട്ടിലെ പ്രധാനഭാഗങ്ങളൊന്നും പുറത്തുവിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായിട്ടില്ല. റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കാനാവില്ലെന്ന് പറഞ്ഞത് സ്വാഭാവിക നീതി നിഷേധിക്കുന്നതിന് തുല്യമാണ്. വിവാദങ്ങള്‍കൊണ്ടൊന്നും കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ തകര്‍ക്കാനാവില്ല. പ്രശ്‌നങ്ങള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഏതാനും സമയം കൂടി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ചിലവഴിച്ചശേഷം കുടുംബയോഗങ്ങളിലെല്ലാം പങ്കെടുത്താണ് ഉമ്മന്‍ചാണ്ടി മടങ്ങിയത്. ജില്ലയിലെ കോണ്‍ഗ്രസ്സ്, യൂത്ത് കോണ്‍ഗ്രസ്സ്, കെ.എസ്.യു. നേതാക്കള്‍ വിവിധ പരിപാടികളില്‍ ഉമ്മന്‍ചാണ്ടിയെ അനുഗമിച്ചു.