തൊടുപുഴ: ഗോള്‍ വല വിരിച്ചപ്പോള്‍തൊട്ട് മഴ തിമിര്‍ക്കാന്‍ തുടങ്ങി. പക്ഷേ, മഴയില്‍ നനഞ്ഞാഘോഷിച്ച് ഇടുക്കിയുടെ മിടുമിടുക്കര്‍ ചറപറ ഗോള്‍വല നിറച്ചു. ഇവര്‍ 1,01,723 ഗോളുകളടിച്ച് ജില്ലയെ കേരളത്തിലെ അഞ്ചാമത്തെ ഗോള്‍വീരന്‍മാരാക്കി. അന്തിമ കണക്കെത്തിയാല്‍ ഇനിയും ഗോള്‍കൂടും.

ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിന്റെ പ്രചരണ പരിപാടിയായ 'വണ്‍മില്യണ്‍ ഗോളാണ്' ജില്ലയില്‍ ഉത്സവ സമാനമായി കൊണ്ടാടിയത്. ജില്ലയില്‍ സജ്ജമാക്കിയ 200 കേന്ദ്രങ്ങളിലും പ്രായ-ലിംഗഭേദമന്യേ ആളുകള്‍ ഗോളടിച്ചു. 11,485 ഗോളടിച്ച് തൊടുപുഴ നഗരസഭ ജില്ലയില്‍ ഒന്നാമതെത്തി.

തൊടുപുഴ മുനിസിപ്പാലിറ്റി ഓഫീസിന് മുന്‍പില്‍ സജ്ജമാക്കിയ പ്രധാനവേദിയില്‍ ജോയ്‌സ് ജോര്‍ജ് എം.പി. ജില്ലയിലെ ആദ്യ ഗോളടിച്ചു. സിനിമാതാരം ധര്‍മജന്‍ ബോള്‍ഗാട്ടിയും ഗോളടിക്കാന്‍ ഇവിടെയെത്തി.
 
പിന്നീട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍, യുവജന ക്ഷേമബോര്‍ഡ് അംഗം ഡീന്‍ കുര്യാക്കോസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ.എല്‍.ജോസഫ്, ഡിവൈ.എസ്.പി. എന്‍.എന്‍.പ്രസാദ്, നെഹ്രു യുവകേന്ദ്രം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ഹരിലാല്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി മായാദേവി എന്നിവര്‍ പങ്കെടുത്തു.