തൊടുപുഴ: തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യു.പി. സ്‌കൂളില്‍ നടപ്പാക്കുന്ന 'വൈദ്യുതി സംരക്ഷണം കുട്ടികളിലൂടെ' എന്ന പദ്ധതിയുടെ മൂന്നാം ഘട്ട ഉദ്ഘാടനം കെ.എസ്.ഇ.ബി.ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ രാജന്‍ ജോസഫ് നിര്‍വഹിച്ചു.

പദ്ധതിയുടെ ഭാഗമായി സ്‌കൂളിലെ 800 കുട്ടികള്‍ക്കും, 30 അധ്യാപകര്‍ക്കും 14 വാട്‌സിന്റെ ഒരു സി.എഫ്.എല്‍. ബള്‍ബ് സൗജന്യമായി നല്‍കി. എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റി ഇടുക്കി ചാപ്റ്റര്‍ പ്രസിഡന്റ് ശശി ബി.മറ്റം കുട്ടികള്‍ക്കു ക്ലാസ് എടുത്തു. അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷാജിത വി.എ.പ്രസംഗിച്ചു.

മുന്‍വര്‍ഷങ്ങളില്‍ തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യു.പി.സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തൊടുപുഴ മുതല്‍ വാഴക്കുളംവരെ സൈക്കിള്‍ ചവിട്ടി നടത്തിയ ഊര്‍ജസംരക്ഷണ റാലിയുടെയും, നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളേയും പൊതു ജനങ്ങളേയും കേന്ദ്രീകരിച്ച് നടത്തിയ ഊര്‍ജസംരക്ഷണ ബോധവല്‍ക്കരണ ക്ലാസിന്റെയും തുടര്‍ച്ചയായിട്ടാണ് മൂന്നാം ഘട്ടമായി സ്‌കൂളിലെ എല്ലാ കുട്ടികള്‍ക്കും സി.എഫ്.എല്‍. ബള്‍ബ് നല്‍കാന്‍ തീരുമാനിച്ചത്. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.എം.ദേവസ്യാച്ചന്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍ അനീഷ് ജോര്‍ജ്, ബിന്ദു ഒലിയപ്പുറം, അധ്യാപകരായ ഷിന്റോ ജോര്‍ജ്, ബീനാ വില്‍സണ്‍, സാജു മാത്യു എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കി.