ശാന്തന്‍പാറ: ഇനി തമിഴ്‌നാട്ടുകാരായ കുങ്കിയാന (താപ്പാന)കള്‍ക്ക് തത്കാലം അവിടെത്തന്നെ നില്‍ക്കാം. പച്ചമലയാളികളായ സോമനും മണിയനും കുറുമ്പന്‍മാരായ കാട്ടാനകളെ ഓടിക്കാന്‍ ഇടുക്കിയില്‍ എത്തിക്കഴിഞ്ഞു.

ആനയിറങ്കല്‍, സിങ്കുകണ്ടം, മൂലത്തുറ, ശങ്കരപാണ്ഡ്യമെട്ട്, മുള്ളന്‍തണ്ട് തുടങ്ങിയ പ്രദേശങ്ങളില്‍ ജനവാസമേഖലകളിലിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും നാശനഷ്ടം വരുത്തുന്ന കാട്ടാനകളെ തുരത്തുന്നതിന് കേരളത്തില്‍ തന്നെയുള്ള രണ്ട് താപ്പാനകളെ വനംവകുപ്പ് ആനയിറങ്കലിലെത്തിച്ചു. കോന്നി ആനത്താവളത്തിലെ സോമന്‍, കോട്ടൂര്‍ താവളത്തിലെ മണിയന്‍ എന്നീ താപ്പാനകളെയാണ് തിങ്കളാഴ്ച രാവിലെ എട്ടരയോടെ ആനയിറങ്കല്‍ ബോട്ട് ലാന്‍ഡിങ്ങിലെത്തിച്ചത്.

കഴിഞ്ഞ 25ന് തമിഴ്‌നാട്ടില്‍നിന്ന് കലീം, വെങ്കിടേഷ് എന്നീ കുങ്കിയാനകളെ ഇവിടെയെത്തിച്ച് ആനയിറങ്കലില്‍ നാശംവിതക്കുന്ന അരിക്കൊമ്പനെ പിടികൂടി ശരീരത്ത് റേഡിയോ കോളര്‍ ഘടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

രണ്ട് ദിവസങ്ങളിലായി അഞ്ചു തവണ മയക്കുവെടിയേറ്റിട്ടും അരിക്കൊമ്പനെന്ന കാട്ടാനയെ തളയ്ക്കാന്‍ കഴിഞ്ഞില്ല. 27ന് കുങ്കിയാനകളെ തമിഴ്‌നാട്ടിലേക്ക് തന്നെ തിരികെ കൊണ്ടുപോകുകയായിരുന്നു. ക്ഷീണിതനായ അരിക്കൊമ്പന്‍ ആനയിറങ്കല്‍ മേഖലയില്‍ ഇപ്പോഴുമുണ്ട്. തിങ്കളാഴ്ച മുന്നൂറ്റിയൊന്ന് കോളനിക്ക് സമീപം നിലയുറപ്പിച്ചിരുന്നു.

ജനവാസമേഖലകളിലിറങ്ങുന്ന കാട്ടാനകളെ താപ്പാനകളുടെ സഹായത്തോടെ കാട്ടിലേക്ക് തുരത്തുന്നതിനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്. എന്നാല്‍ പ്രശ്‌നക്കാരായ അരിക്കൊമ്പനുള്‍െപ്പടെയുള്ള കാട്ടാനകളെ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ വനംവകുപ്പ് വ്യക്തമായ തീരുമാനമെടുത്തിട്ടില്ല. മയക്കുവെടി വച്ച് താപ്പാനകളുടെ സഹായത്തോടെ പിടികൂടി പ്രദേശത്തുനിന്ന് മാറ്റുകയെന്നതാണ് വനംവകുപ്പിന്റെ ലക്ഷ്യം. എന്നാല്‍ ഇതിനായി ഇനിയും വന്‍സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്.