പുല്ലുമേട്: ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത തീര്‍ത്ഥാടന പാതയായ സത്രം-പുല്ലുമേട് വഴി സന്നിധാനത്തിലെത്തുന്നവരുടെ തിരക്ക് വര്‍ദ്ധിച്ചു. മണ്ഡലകാലം ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ 1600 പേര്‍ വനപാതയിലൂടെ മലകയറി സന്നിധാനത്തെത്തി. സത്രം-പുല്ലുമേട്-ഉപ്പുപാറ വഴിയിലൂടെയുള്ള സഞ്ചാരം രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ്. സത്രത്തിലെ പോലീസ് എയ്ഡ് പോസ്റ്റില്‍ തീര്‍ത്ഥാടകരുടെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുകയും അവരുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തശേഷമാണ് കടത്തിവിടുന്നത്.

പ്ലാസ്റ്റിക് നിരോധനമുള്ളതിനാല്‍ വനപാതയുടെ കവാടത്തില്‍ കുടിവെള്ളക്കുപ്പികളും പ്ലാസ്റ്റിക് ക്യാരി ബാഗുകളും തീര്‍ത്ഥാടകരില്‍നിന്ന് വാങ്ങിയ ശേഷം പകരം കടലാസ് സഞ്ചികള്‍ നല്‍കുന്നുണ്ട്. ഭക്തര്‍ക്ക് കുടിവെള്ളവും സജ്ജമാക്കിയിട്ടുണ്ട്. ഭക്തരുടെ ആരോഗ്യ പരിശോധനയ്ക്കായി സത്രത്തിലും പുല്ലുമേട്ടിലും ഡോക്ടറുടെ സേവനവും മരുന്നുകളും സജ്ജമാക്കിയിട്ടുണ്ട്. സത്രത്തിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വിരിവയ്ക്കാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഇവിടെ കുടിവെള്ള ദൗര്‍ലഭ്യമുണ്ട്. വനപാതയില്‍ കാട്ടാനകള്‍ ഉള്‍െപ്പടെയുള്ള മൃഗങ്ങള്‍ ഇറങ്ങുന്നത് പതിവായതിനാല്‍ തീര്‍ത്ഥാടകര്‍ സംഘം ചേര്‍ന്ന് ഇതുവഴി പോകണമെന്ന് പോലീസും വനപാലകരും നിര്‍ദേശം നല്‍കുന്നു. പരമ്പരാഗത തീര്‍ത്ഥാടനപാത വഴി കാല്‍നടയാത്ര ചെയ്ത് സന്നിധാനത്തെത്തുന്ന അയ്യപ്പന്മാരില്‍ ചുരുക്കം പേര്‍ മാത്രമേ ഇതുവഴി മടങ്ങാറുള്ളൂ. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ എണ്‍പതുപേര്‍ മാത്രമാണ് ദര്‍ശനം കഴിഞ്ഞ് ഇതുവഴി തിരികെ മടങ്ങിയത്.