രാജാക്കാട്: കഴിഞ്ഞദിവസം വരെ എഴുപത്തിരണ്ടു വയസ്സുകാരായ സ്വര്‍ണത്തായിയും ഭര്‍ത്താവ് പേച്ചിമുത്തുവും ഇടിഞ്ഞുപൊളിഞ്ഞ വീട്ടില്‍ പട്ടിണിയും പരിവട്ടവുമായി കിടക്കുകയായിരുന്നു. കൂട്ടിന് ആകെയുണ്ടായിരുന്നത് കുറച്ച് നായ്ക്കള്‍ മാത്രം. എന്നാല്‍, ഇനി അവര്‍ക്ക് കരുണാഭവന്റെ സ്‌നേഹത്തലില്‍ അന്തിയുറങ്ങാം.

പൂപ്പാറയ്ക്ക് സമീപം തോണ്ടിമലയില്‍ ഇടിഞ്ഞുപൊളിഞ്ഞ ഒറ്റമുറിക്കെട്ടിടത്തില്‍ അവശനിലയില്‍ കഴിഞ്ഞ വൃദ്ധദമ്പതിമാരെ തിങ്കളാഴ്ചയാണ് രാജാക്കാട് കരുണാ ഭവന്‍ ഏറ്റെടുത്തത്.

തമിഴ്‌നാട്ടില്‍നിന്ന് നാല്‍പ്പതുവര്‍ഷം മുന്‍പ് ഹൈറേഞ്ചിലെത്തിയ ഇരുവര്‍ക്കും പറയത്തക്ക ബന്ധുക്കളൊന്നുമില്ല. തയ്യല്‍ തൊഴിലാളി ആയിരുന്നു പേച്ചിമുത്തു. സ്വര്‍ണത്തായി 1983-മുതല്‍ അഞ്ചുവര്‍ഷം ദേവികുളം സര്‍ക്കാര്‍ എല്‍.പി.സ്‌കൂളില്‍ താത്ക്കാലിക അധ്യാപികയായിരുന്നു. ഇക്കാലത്താണ് ഇരുവരും വിവാഹിതരായത്. ഇതിനിടയില്‍ സ്വര്‍ണത്തായിയുടെ ജോലി നഷ്ടപ്പെട്ടെങ്കിലും പരസ്​പരം ഊന്നുവടികളായി തന്നെ ഇവര്‍ ജീവിച്ചു.

വാര്‍ധക്യത്തിന്റെ അവശതയിലും എല്ലുമുറിയെ പണിയെടുത്തു. തൊഴിലവസരങ്ങള്‍ കുറഞ്ഞ് ജീവിതം വഴിമുട്ടിയപ്പോള്‍ തമിഴ്‌നാട്ടിലേക്കു തിരികെപ്പോയെങ്കിലും അഞ്ചുമാസം മുന്‍പ് നാലു വളര്‍ത്തുനായ്ക്കളുമായി പൂപ്പാറയില്‍ മടങ്ങിയെത്തി. തോണ്ടിമലയില്‍ സ്വര്‍ണത്തായിയുടെ അകന്ന ബന്ധുവിന്റെ മേല്‍ക്കൂര ഇല്ലാത്ത ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തില്‍ താമസമാരംഭിച്ചു. ഒരു മാസം മുമ്പുവരെ പേച്ചിമുത്തു പൂപ്പാറയില്‍ തയ്യല്‍ക്കടയില്‍ ജോലിക്കു പോകുമായിരുന്നു. എന്നാല്‍ ഓണത്തിനുശേഷം ആ തൊഴിലും ഇല്ലാതായി. ചെറുതെങ്കിലും ഉണ്ടായിരുന്ന വരുമാനം നിലച്ചതിനൊപ്പം അസുഖങ്ങളും പിടികൂടി. ഇതോടെ പ്‌ളാസ്റ്റിക് മേല്‍ക്കൂരയ്ക്കു കീഴില്‍ ഇടിഞ്ഞുവീണുകൊണ്ടിരിക്കുന്ന ഭിത്തികള്‍ക്കിടയിലെ ജീര്‍ണിച്ച ഇരുമ്പുകട്ടിലില്‍ ഇരുവരും കിടപ്പിലായി. നായ്ക്കള്‍ സമീപത്തെ പഴഞ്ചന്‍ കസേരയിലും ഇരുവരുടെയും കാല്‍ച്ചുവട്ടിലുമായി രാപ്പകല്‍ ഉറക്കമിളച്ച് കാവലിരുന്നു. പട്ടിണിയും രോഗവും മൂലം ജീവിതം വഴിമുട്ടിയ ഇവരുടെ ദയനീയാവസ്ഥ ശാന്തന്‍പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആശാ പ്രവര്‍ത്തകരാണ് ആദ്യം അറിഞ്ഞത്. സി.കെ.മായ, ബിന്ദു അജി, രജിത എന്നിവര്‍ ഇവര്‍ക്കു ഭക്ഷണവും മരുന്നും നല്കി. വൃദ്ധദമ്പതിമാരുടെ അവസ്ഥ വീണ്ടും വഷളായതോടെയാണ് ജനമൈത്രി പോലീസിനെയും ജനപ്രതിനിധികളെയും ഇവര്‍ വിവരമറിയിച്ചത്. ഇവരുടെ ദുരിതജീവിതം മനസ്സിലാക്കിയ ശാന്തന്‍പാറ പഞ്ചായത്തംഗം ലിജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍കൂടി ചേര്‍ന്നാണ് പേച്ചിമുത്തുവിനെയും ഭാര്യ സ്വര്‍ണത്തായിയെയും കരുണാഭവനിലെത്തിച്ചത്. വൃദ്ധസദനം ട്രസ്റ്റി ട്രീസാ തങ്കച്ചനും ജീവനക്കാരും അന്തേവാസികളും ചേര്‍ന്ന് ഇവരെ സ്വീകരിച്ചു.