രാജാക്കാട്: കഴിഞ്ഞ ജൂലായിലെ നല്ല മഴയുളള ഒരുരാത്രി, സമയം രാത്രി 10.45, രാജകുമാരി കുരുവിളാ സിറ്റിയിലെ ഗുഡ് സമരിറ്റന്‍ ആതുരാശ്രമത്തിലേക്ക് ഒരു ഫോണ്‍ വിളിയെത്തി. മറുതലയ്ക്കല്‍ പരിഭ്രാന്തയായ ഒരു പെണ്‍കുട്ടിയുടെ ശബ്ദം... 'ബിജിചേച്ചി വേഗം വരണം അമ്മയ്ക്ക് നെഞ്ചുവേദന ഉടന്‍ ആശുപത്രിയില്‍ എത്തിക്കണം-പപ്പ ഇവിടെയില്ല.' മിനുട്ടുകള്‍ക്കകം ബിജി കര്‍മ നിരതയായി, മുറ്റത്തു വിശ്രമിക്കുന്ന ആംബുലന്‍സുമായി ഇരുട്ടിനെയും, കോടമഞ്ഞിനെയും വകഞ്ഞുമാറ്റി ബിജി ജീവനെ കാക്കാന്‍ ലക്ഷ്യത്തിലേക്ക്...

പിന്നോക്ക ജില്ലയായ ഇടുക്കിയിലെ രാജകുമാരി കുരുവിളാസിറ്റി എന്ന സ്ഥലത്ത് രോഗികള്‍ക്ക് ഏതുസമയത്തും തുണയാണ് വനിതാ ആംബുലന്‍സ് ഡ്രൈവറായ കുരുവിളാസിറ്റി ഗുഡ് സമിരറ്റന്‍ ആതുരാശ്രമം ഡയറക്ടര്‍ ഫാ.ബെന്നി ഉലഹന്നാന്റെ പത്‌നി ബിജി ബെന്നി.

ഒരു വിളിക്കപ്പുറം ഏത് അര്‍ധരാത്രിയിലും രോഗികളുടെ സഹായത്തിനായി ആംബുലന്‍സുമായി എത്തുന്ന ബിജിക്ക് നാട്ടുകാര്‍ സ്‌നേഹത്തോടെ നല്‍കിയ പേരാണ് 'പറക്കും ബിജി'.

ബാക്കി ബിജി പറയും

1999-ലാണ് ആംഗ്ലിക്കന്‍ സഭയിലെ വൈദികനായ ഭര്‍ത്താവ് ഫാ.ബെന്നി ഗുഡ് സമിരറ്റന്‍ ആതുരാശ്രമം ആരംഭിക്കുന്നത്. ആശ്രമത്തിലെ പ്രായമായ അന്തേവാസികള്‍ക്ക് മിക്കപ്പോഴും ആശുപത്രിയില്‍ പോകേണ്ടി വരും. അന്ന് ഓട്ടോറിക്ഷയും, ജിപ്പും മാത്രമാണ് ആശ്രയം. രോഗികളെ കിടത്തി കൊണ്ടു പോകുവാനും പ്രയാസമായിരുന്നു. തുടര്‍ന്ന് 2004-ല്‍ ഡോ. മാത്യു വള്ളക്കാലില്‍ എന്ന മനുഷ്യസ്‌നേഹി ആശ്രമത്തിന് സൗജന്യമായി ആംബുലന്‍സ് വാങ്ങി നല്‍കി. എന്നാല്‍, ആംബുലന്‍സ് ഓടിക്കാന്‍ ഡ്രൈവറെ തേടിയെങ്കിലും ചോദിച്ച ശമ്പളം കൊടുക്കുക ബുദ്ധിമുട്ടായിരുന്നു. ഒടുവില്‍ താന്‍തന്നെ ആംബുലന്‍സിന്റെ സാരഥ്യം ഏറ്റെടുക്കുകയായിരുന്നെന്ന് ബിജി പറയുന്നു.

2005-ല്‍ ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കിയ ബിജിക്ക് ചെറുപ്പത്തിലെ തന്നെ വാഹനങ്ങളോട് പ്രിയമായിരുന്നു. ഇന്നിപ്പോള്‍ ബിജിയുടെ ആംബുലന്‍സ് യാത്രകള്‍ 13 വര്‍ഷം പിന്നിടുന്നു. ആശ്രമത്തിലെ അന്തേവാസികള്‍ക്ക് മാത്രമായി ഓടിയിരുന്ന ബിജിക്ക് ഇപ്പോള്‍ ഹൈറേഞ്ചിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും വിളിയെത്തും. 'രോഗിയെ കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിക്കുക അതാണ് ഒരു ആംബുലന്‍സ് ഡ്രൈവറുടെ കര്‍ത്തവ്യം' -ബിജിപറയുന്നു

.

ഭര്‍ത്താവ് ഫാ.ബെന്നി ഉലഹന്നാനോടൊപ്പം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ബിജി ഗുഡ് സമിരറ്റന്‍ അതുരാശ്രമത്തിന്റെ ചെയര്‍ പേഴ്‌സണ്‍ കൂടിയാണ്. ബിജിയുടെ പ്രവര്‍ത്തന മികവിനും, സേവനത്തിനും ഇടുക്കി ജില്ലാ വിമന്‍സ് കൗണ്‍സില്‍ അംഗികാരംനല്‍കി ആദരിച്ചിട്ടുണ്ട്. മക്കളായ ഉലഹന്നാനും, മാര്‍ക്കോസും വൈദിക പഠനത്തിലാണ്.