രാജാക്കാട്: ഫണ്ട് അനുവദിച്ചിട്ടും എങ്ങുമെത്താതെ കിടക്കുന്ന കള്ളിമാലി ടൂറിസം പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. 50 ലക്ഷം രൂപ അനുവദിച്ചിട്ടും അധികൃതരുടെ പിടിപ്പുകേടുകൊണ്ട് ഉപേക്ഷിക്കപ്പെട്ട പദ്ധതിക്കാണ് വീണ്ടും ജീവന്‍വെക്കുന്നത്.

ഇതിന്റെ ഭാഗമായി സെക്രട്ടറി ജയന്‍ പി.വിജയന്റെ നേതൃത്വത്തില്‍ കള്ളിമാലി വ്യൂ പോയിന്റിലെത്തി. പദ്ധതി പുനരാരംഭിക്കുന്നതിന് വേണ്ട നടപടി അടിയന്തരമായി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും സഹകരണത്തോടെ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. സഞ്ചാരികള്‍ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും യാഥാര്‍ത്ഥ്യമായാല്‍ മൂന്നാര്‍, തേക്കടി എന്നിവിടങ്ങളിലെത്തുന്ന സഞ്ചാരികളുടെ ഇടത്താവളമായി കള്ളിമാലി മാറും.

ദിവസവും നിരവധി സഞ്ചാരികളെത്തുന്ന ഇവിടെ ഇപ്പോള്‍ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. പവിലിയന്‍, കംഫര്‍ട്ട് സ്റ്റേഷന്‍, പാര്‍ക്കിങ് സൗകര്യം, ഗതാഗതയോഗ്യമായ റോഡ് എന്നിവ സജ്ജമാക്കണമെന്നാണ് ആവശ്യം. ജനപ്രതിനിധികളുടെ ഇടപെടലിനെ തുടര്‍ന്ന് അടിസ്ഥാനവികസനങ്ങള്‍ ഇവിടെ ഒരുക്കുന്നതിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇതിനായി 1.18 കോടി രൂപ അനുവദിച്ചു. ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം ഡി.ടി.പി.സിക്ക് നല്‍കി.

തുടര്‍ന്ന് ഒരു വര്‍ഷക്കാലാവധിയില്‍ സിഡ്‌കോ കമ്പനി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കരാറെടുക്കുകയും ചെയ്തു. ഇതിന് ശേഷം അടിമാലി സ്വദേശി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉപകരാറുകാരനായി ഏറ്റെടുത്തു. എന്നാല്‍ ലാഭകരമല്ലെന്ന കാരണത്താല്‍ ഇയാള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാതെ തന്നെ കരാറുപേക്ഷിച്ചു. ഇതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിക്കുന്ന സാഹചര്യവുമുണ്ടായി. ഇത് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പദ്ധതി പുനരാരംഭിക്കാന്‍ നടപടി തുടങ്ങിയത്.

പ്രകൃതി മനോഹരിഹൈറേഞ്ചിലെ മനോഹരമായ വ്യൂപോയിന്റുകളിലൊന്നാണ് കള്ളിമാലി. രാജാക്കാട് പഞ്ചായത്തിലെ ഉയര്‍ന്ന കുന്നിന്‍പുറമായ ഇവിടെനിന്ന് നോക്കിയാല്‍ കൊന്നത്തടി പഞ്ചായത്തിന്റെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന പൊന്‍മുടി പുഴയുടെ വിദൂരദൃശ്യം അനുഭവിക്കാം. ഹരിതാഭമായ കൃഷിയിടങ്ങള്‍ക്കും പൊന്‍മുടി വനമേഖലയ്ക്കും ഇടയിലൂടെയാണ് പുഴ ഒഴുകി പൊന്‍മുടി ഡാമില്‍ എത്തുന്നത്. ഈ ദൃശ്യം അതിമനോഹരമാണ്.
14കള്ളിമാലി വ്യൂപോയിന്റ്