പീരുമേട്: ദേശിയപാത 183 ല്‍ കല്ലാര്‍ കവലക്കു സമീപവും മത്തായി കൊക്കയിലും റോഡില്‍ മണ്ണിടിഞ്ഞ് വീണത് നീക്കം ചെയ്യാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. അപകട സാധ്യതയേറിയ വളവുകളില്‍ റോഡിന്റെ രണ്ടുവശത്തും കല്ലും മണ്ണും കൂടി കിടക്കുകയാണ്. ഒരുസമയം ഒരുവാഹനത്തിനു മാത്രമേ ഇതിലെ കടന്നു പോകാനാകൂ. ഇതിനാല്‍ ഗതാഗതകുരുക്കും പതിവാണ്. രണ്ടുമാസം മുന്‍പുണ്ടായ ശക്തമായമഴയിലാണ് ഇവിടെമണ്ണിടിഞ്ഞത്. റോഡിന്റെ തിട്ടയില്‍നിന്നമരങ്ങളും കല്ലും മണ്ണും റോഡിലേക്ക് വീഴുകയായിരുന്നു.
 
അഗ്നിരക്ഷാസേനയും ദേശീയപാത അധികൃതരും ചേര്‍ന്ന് ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും റോഡിലെ മണ്ണ് പൂര്‍ണമായും മാറ്റിയിട്ടില്ല. തുടര്‍ ദിവസങ്ങളില്‍ പെയ്ത മഴയില്‍ വീണ്ടും മണ്ണിടിഞ്ഞിരുന്നു. മത്തായി കൊക്കയില്‍ അപകടവളവില്‍ ഇരുവശങ്ങളിലും ടാര്‍വീപ്പവെച്ചാണ് അപകട മുന്നറിയിപ്പ് നല്‍കുന്നത്. വലിയവാഹനങ്ങള്‍ കടന്നുപോകുന്ന സമയത്താണ് ഗതാഗതം കൂടുതല്‍ ദുസ്സഹമാകുന്നത്. അപകടവളവിലെ തടസം പലപ്പോഴും അപകടങ്ങള്‍ക്കും വഴിവെക്കുന്നുണ്ട്. ഇത്തരത്തില്‍ ദേശീയപാതയില്‍ പല സ്ഥലങ്ങളിലും റോഡിലേക്ക് ഇടിഞ്ഞുവീണ മണ്ണും കല്ലും മരങ്ങളും മാറ്റാനുണ്ട്.
 
നൂറുകണക്കിനു ചരക്കുവാഹനങ്ങളും വിനോദസഞ്ചാരികളും ദിവസേന കടന്നുപോകുന്ന ദേശിയപാതയില്‍ ശബരിമലതീര്‍ഥാടകരുടെ വാഹനങ്ങള്‍കൂടി എത്തുന്നതോടെ ഏറെതിരക്കാണ് ഉണ്ടാകാന്‍പോകുന്നത്. തീര്‍ഥാടനകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ അപകടസാധ്യത ഒഴിവാക്കാന്‍ വേണ്ടനടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നാണ് പ്രദേശ വാസികള്‍ ആവശ്യപ്പെടുന്നത്.