പണിക്കന്‍കുടി: വീട്ടിലും വിദ്യാലയത്തിലും മാതൃകാ പച്ചക്കറിത്തോട്ടമൊരുക്കുകയും സഹപാഠികള്‍ക്കു തന്റെ കൃഷിയിടം പഠനശാലയാക്കി മാറ്റുകയുംചെയ്ത കൊന്നത്തടി പാറയ്ക്കല്‍ അഞ്ജു തോമസിന് ജില്ലയിലെ മികച്ച കുട്ടിക്കര്‍ഷകയ്ക്കുള്ള കൃഷിവകുപ്പിന്റെ അവാര്‍ഡ്.

രാജകുമാരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായി അഞ്ജു കൊന്നത്തടി പഞ്ചായത്ത് യു.പി.സ്‌കൂളില്‍ ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ മാതൃഭൂമി സീഡ് പദ്ധതിയിലെ മികച്ച കുട്ടിക്കര്‍ഷകയ്ക്കുള്ള അവാര്‍ഡ് നേടിയിരുന്നു. കൃഷി പഠനവിഷയമാക്കിയ അഞ്ജു സംസ്ഥാന കൃഷിവകുപ്പിന്റെ സഹായത്തോടെ നിര്‍മിച്ച പോളിഹൗസിലും ചുറ്റുവട്ടത്തുമായി എണ്‍പതോളം പച്ചക്കറിയിനം നട്ടുപരിപാലിക്കുന്നുണ്ട്.

മത്സ്യക്കൃഷി, ആടുവളര്‍ത്തല്‍, പശുപരിപാലനം, താറാവുവളര്‍ത്തല്‍ എന്നിവയിലും ശ്രദ്ധിക്കുന്നുണ്ട്. അഞ്ജുവിന്റെ കൃഷിയിടം സന്ദര്‍ശിച്ച് സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും പ്രാേയാഗികപരിശീലനം നടത്തിവരികയാണ്. അച്ഛന്‍ തോമസ്, അമ്മ വില്‍സമ്മ, സഹോദരന്‍ ബോബി എന്നിവരുടെ പിന്തുണയും അഞ്ജുവിനുണ്ട്.

തികച്ചും ജൈവരീതിയില്‍ ബ്രോക്കോളി, കോളിഫ്‌ലവര്‍, തക്കാളി, വെണ്ട, പാവല്‍, വിവിധയിനം പയറുകള്‍, കാരറ്റ്, കൂര്‍ക്ക തുടങ്ങിയ പച്ചക്കറികള്‍ വിളയിക്കുന്നുണ്ട്. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ നേതൃത്വത്തിലുള്ള കൃഷിവകുപ്പ് ഉദ്യോഗസ്ഥരും അഞ്ജുവിന്റെ കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ക്കു പ്രോത്സാഹനം നല്‍കുന്നുണ്ട്. ഭാവിയില്‍ കൃഷി ഓഫീസറാകണമെന്നാണ് ആഗ്രഹം. ഏപ്രില്‍ ഒന്നിന് വണ്ടിപ്പെരിയാറില്‍ നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി വി.എസ്.സുനില്‍കുമാര്‍ അഞ്ജുവിന് അവാര്‍ഡ് നല്‍കും.