നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്ത് ഓഫീസിലെ സെര്‍വര്‍ റൂമില്‍ തീപിടിത്തം. സംഭവം ശ്രദ്ധയില്‍പെട്ട പഞ്ചായത്ത് ഓഫീസ് ക്ലാര്‍ക്ക് യു.ശ്രീകുമാര്‍ സെര്‍വര്‍ റൂമിലെത്തി അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. ശനിയാഴ്ച രാവിലെ 10.30-ന് സെര്‍വര്‍ റൂമിലെ യു.പി.എസിനാണ് തീപിടിച്ചത്.
 
ഈ സമയം പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും അടക്കം നിരവധിയാളുകള്‍ ഓഫീസിലുണ്ടായിരുന്നു. അപകടം നടന്നയുടന്‍ ജീവനക്കാര്‍ കെട്ടിടത്തിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചു. യു.പി.എസ്. റൂമിലെ വയറുകള്‍ കത്തിക്കരിഞ്ഞതോടെ പഞ്ചായത്ത് ഓഫീസിലും പരിസരത്തും പുക നിറഞ്ഞു.
 
പരിസരത്ത് പുക പടര്‍ന്നതോടെ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജ്ഞാനസുന്ദരം, സെക്രട്ടറി പി.വി.ബിജു, സ്ഥിരം സമിതി ചെയര്‍മാന്‍ കെ.ആര്‍.സുകുമാരന്‍ നായര്‍, ഷിഹാബ് ഈട്ടിക്കന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഓഫീസിലുണ്ടായിരുന്നവരെ പുറത്തിറക്കി. നെടുങ്കണ്ടത്ത് നിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.