മുതലക്കോടം: ഹോളിഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 58 വയസ്സുകാരിയുടെ മൂക്കിന്റെ ദ്വാരത്തില്‍ (നാസാരന്ധ്രം) നിന്ന് നാല് സെന്റീമീറ്റര്‍ നീളം വരുന്ന തലമുടിയില്‍ കുത്തുന്ന സ്ലൈഡ് കണ്ടെത്തി. മൂക്കില്‍ അസ്വസ്ഥതയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബദ്ധത്തില്‍ സ്ലൈഡ് മൂക്കിനുള്ളില്‍ പോയതായി രോഗി തന്നെയാണ് ഡോക്ടര്‍മാരോട് സംശയം പറഞ്ഞത്. ഇതിനെ തുടര്‍ന്ന് എക്‌സ്‌റേ പരിശോധന നടത്തിയപ്പോള്‍ മൂക്കിന്റെ വലത് വശത്തെ ദ്വാരത്തില്‍ സ്ലൈഡ് കണ്ടെത്തി. തുടര്‍ന്ന് ഇ.എന്‍.ടി. സര്‍ജന്‍ ഡോ.പോള്‍ ആന്റണി എന്‍ഡോസ്‌കോപ്പിയിലൂടെ സ്ലൈഡ് പുറത്തെടുത്തു. ഇത്തരത്തില്‍ മൂക്കിനുള്ളില്‍ സ്ലൈഡ് പോലുള്ള സാധനങ്ങള്‍ എത്തുന്നത് വളരെ വിരളമാണെന്ന് ഡോക്ടര്‍ പറഞ്ഞു.