മൂലമറ്റം: സര്‍ക്കാര്‍ ഭൂമിയില്‍നിന്ന് അനധികൃതമായി പാറപൊട്ടിച്ച് വില്‍ക്കുകയും ഭൂമി കൈയേറുകയും ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ക്കെതിേര പോലീസ് കേസെടുത്തു. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം ചന്തംവീട്ടില്‍ ശൈലേഷ് എസ്.നായര്‍, വാഗമണ്‍ വഴിക്കടവ് വള്ളിക്കുന്നേല്‍ ജോണ്‍സണ്‍ തോമസ് എന്നിവര്‍ക്കെതിരേയാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം കാഞ്ഞാര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
 
ഇലപ്പള്ളി വില്ലേജിലെ അഞ്ചേക്കര്‍ 81 സെന്റ് സര്‍ക്കാര്‍ തരിശിലാണ് ഖനനവും കൈയേറ്റവും നടന്നത്. ഇതിന് സമീപത്തായി ശൈലേഷിനും ജോണ്‍സണും സ്ഥലമുണ്ട്. ശൈലേഷ് നിര്‍മ്മിച്ച കൂറ്റന്‍ റിസോര്‍ട്ടിലേക്ക് അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈയേറി മതിലും ഗേറ്റും സ്ഥാപിക്കുകയായിരുന്നു. ഇത് പൊളിച്ചുമാറ്റണമെന്ന് നിരവധി പ്രാവശ്യം റവന്യൂ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും ഉടമ ഇതുവരെ തയ്യാറായിട്ടില്ല.
 
ഇതോടുചേര്‍ന്ന് ജോണ്‍സന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലേക്ക് പുള്ളിക്കാനം-പാറംതിണ്ണ എന്ന പേരില്‍ പൊതു ആവശ്യത്തിനെന്ന വ്യാജേന മൂന്ന് മീറ്റര്‍ വഴി നിര്‍മ്മാണത്തിന് പഞ്ചായത്തില്‍ അനുമതി തേടി. തീര്‍ത്തും ഒറ്റപ്പെട്ട ഈ പ്രദേശത്ത് മറ്റ് താമസക്കാരാരുമില്ല.
 
2016 ജൂണ്‍ 21ന് അറക്കുളം പഞ്ചായത്ത് റോഡ് നിര്‍മ്മാണത്തിന് അനുമതി നല്‍കി. ഇതിന്റെ മറവില്‍ റോഡ് കടന്നുപോകുന്നതിനിരുവശവുമുള്ള സര്‍ക്കാര്‍ ഭൂമിയില്‍നിന്ന് വ്യാപകമായി പാറ പൊട്ടിച്ച് കടത്തുകയായിരുന്നു.

ഖനനം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് 2016 ഡിസംബര്‍ 7ന് ജോണ്‍സണ്‍ തോമസിന് ഇലപ്പള്ളി വില്ലേജ് അധികൃതര്‍ നോട്ടീസ് നല്‍കി. തൊടുപുഴ താലൂക്ക് ഓഫീസ്, ജില്ലാ മൈനിങ് ആന്‍ഡ് ജിയോളജി ഓഫീസ് എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും തുടര്‍നടപടി ഉണ്ടായിരുന്നില്ല. ഇതിനിടെ കാഞ്ഞാര്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. നൂറുകണക്കിന് ലോഡ് പാറ ഇപ്പോഴും ഇവിടെ പൊട്ടിച്ച് കൂട്ടിയിരിക്കുകയാണ്.