മറയൂര്‍: കാന്തല്ലൂര്‍ പഞ്ചായത്തില്‍ കീഴാന്തൂര്‍ (വാര്‍ഡ് മൂന്ന്) വാര്‍ഡില്‍ നടന്ന ഗ്രാമ സഭയില്‍ ലൈഫ് ലൈന്‍ പദ്ധതിയിലെ തര്‍ക്കം രൂക്ഷമായി സംഘര്‍ഷത്തില്‍ കലാശിച്ചു.വാര്‍ഡംഗവും കീഴാണ്ടര്‍ ഗ്രാമവാസികളുമായ മല്ലികാ ശിവകുമാറിനും ഭര്‍ത്താവ് ശിവകുമാറിനും ആര്‍.എസ്.എസ് ജില്ലാ ബൗദ്ധിക്ക് പ്രമുഖ് മായാ പെരുമാളി (41) നും പരിക്കേറ്റു. മായന്‍ പെരുമാള്‍ അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റു രണ്ടു പേര്‍ മറയൂരിലെ സ്വകാര്യ ശുപത്രിയിലും ചികില്‍സയിലാണ്. ലൈഫ് ലൈന്‍ പദ്ധതിയിലെ ലിസ്റ്റില്‍ പേരില്ലാത്തത് ചോദ്യം ചെയ്തപ്പോള്‍ പഞ്ചായത്തംഗത്തിന്റെ ഭര്‍ത്താവ് മര്‍ദ്ദിച്ചതായിട്ടാണ് മായന്‍ പെരുമാള്‍ പറയുന്നത്. ലൈഫ് ലൈന്‍ പദ്ധതിയില്‍ അവസാനമായി ഇറങ്ങിയ ലിസ്റ്റില്‍ അര്‍ഹതയില്ലാത്തവര്‍ നിരവധി പേര്‍ കടന്നു കൂടിയത് ശ്രദ്ധയില്‍ കൊണ്ടുവരികയാണ് ഉണ്ടായത് എന്നും മായന്‍ പറയുന്നു.എന്നാല്‍ ഗ്രാമസഭയില്‍ മനപ്പൂര്‍വ്വം പ്രശ്‌നമുണ്ടാക്കിയത് മായന്‍ പെരുമാളാണ് എന്ന് എതിര്‍ പക്ഷയും പറയുന്നു.25 സെന്റില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍ക്ക് ലൈഫ് ലൈന്‍ പദ്ധതിയിലൂടെ സഹായം ലഭിക്കുകയില്ലായെന്നും ഇവര്‍ പറയുന്നു.തര്‍ക്കം രൂക്ഷമായി ഗ്രാമ സഭ ഹാളില്‍ തുടക്കത്തില്‍ ഉന്തും തള്ളും പിന്നിട് സംഘര്‍ഷത്തിലും എത്തുകയായിരുന്നു. ഹാളില്‍ ഉണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവര്‍ ഹാളില്‍ നിന്നും ഇറങ്ങി. സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവരെ മറ്റുള്ളവര്‍ പിടിച്ചു മാറ്റി.മല്ലിക ശിവകമാര്‍ മറയൂര്‍ പൊലിസില്‍ പരാതി നല്കി.ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കോവില്‍ കടവിലും വട്ടവടയിലും പ്രതിഷേധപ്രകടനം നടത്തി.