മറയൂര്‍: പൊതുവിദ്യാഭ്യാസമേഖലയില്‍ ദേവികുളം നിയോജകമണ്ഡലത്തെ ഹൈടെക്ക് മണ്ഡലമായി മാറ്റിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. കാന്തല്ലൂര്‍ കീഴാന്തൂര്‍ മാശിയില്‍ ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള അഞ്ചു നാട് കോളേജ് ഓഫ് അപ്‌ളൈഡ്‌സയന്‍സിന്റെ പുതിയകെട്ടിടത്തിന്റെ ഉത്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 1.50 കോടിരൂപകൂടി കോളേജിന്റെ രണ്ടാംനിലയുടെ നിര്‍മാണത്തിനായി അനുവദിച്ചതായി മന്ത്രി അറിയിച്ചു.

പ്രീപ്രൈമറിസ്‌കൂള്‍മുതല്‍ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളില്‍വരെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി പoനനിലവാരം ഉയര്‍ത്തിയെടുക്കും. 2019 മാര്‍ച്ച് 31-നകം ദേവികുളം മണ്ഡലത്തിലെ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, കോളേജ് എന്നിവിടങ്ങളില്‍ ഹൈടെക്ക് സംവിധാനം ഒരുക്കും. ഈ സ്‌കൂളുകളില്‍ ഇനി അടിസ്ഥാനസൗകര്യങ്ങളുടെകുറവ് ഉണ്ടാവുകയില്ലായെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ എസ്.രാജേന്ദ്രന്‍ എം.എല്‍.എ.അധ്യക്ഷത വഹിച്ചു. ഐ.എച്ച്.ആര്‍.ഡി. ഡയറക്ടര്‍ ഡോ. പി.സുരേഷ് കുമാര്‍, കോ-ഓര്‍ഡിനേറ്റര്‍ എസ്.സിന്ധു, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സുന്ദരം, ഉഷാ ഹെന്‍ട്രി, ഡെയ്‌സി റാണി, ജോമോന്‍ തോമസ്, ഡോ. ജീ.ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എസ്.രാജേന്ദ്രന്‍ എം.എല്‍.എ.യുടെ ആസ്തി വികസനഫണ്ടില്‍നിന്നും 1.82 കോടി രൂപ െചലവഴിച്ച് നിര്‍മിച്ച കെട്ടിടമാണ് ഉത്ഘാടനം ചെയ്തത്. 2010 ല്‍ ആരംഭിച്ച കോളേജ് ഇതുവരെ കോവില്‍ക്കടവ് ടൗണില്‍ പഞ്ചായത്തുവക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്.