കുഞ്ചിത്തണ്ണി: മൂന്നാറിലെയും പരിസര പ്രദേശങ്ങളിലെയും അപകടകരമായ ട്രക്കിങ് യാത്രയ്‌ക്കെതിരേ നാട്ടുകാര്‍. സാഹസിക ട്രക്കിങ് നിരന്തരം അപകടമുണ്ടാക്കുന്ന സാഹചര്യത്തിലാണ് നാട്ടുകാര്‍ രംഗത്തു വന്നിരിക്കുന്നത്.

നിയന്ത്രണം ഏര്‍പ്പെടുത്തണം

ഹൈറേഞ്ചിലെ ആയിരത്തിലധികം ആളുകളുടെ വരുമാനമാണ് ട്രക്കിങ് യാത്രകള്‍. അതിനാല്‍തന്നെ അപകടമുണ്ടാക്കാത്ത രീതിയില്‍ ഇവയെ നിയന്ത്രിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ട്രക്കിങ് നടത്തുന്നതിന് കൃത്യമായ വേഗക്രമം തയ്യാറാക്കണം. പരിചയ സമ്പന്നരായ ഡ്രൈവര്‍മാര്‍ക്കു മാത്രമേ ട്രക്കിങ്ങിന് അനുവാദം നല്‍കാവൂവെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. പ്രധാനമായും ട്രക്കിങ്ങിനായി പ്രത്യേക റൂട്ട് തിരിച്ച് നല്‍കണമെന്ന ആവശ്യമാണ് ഉയരുന്നത്. റൂട്ട് തിരിച്ച് നല്‍കാത്തതിനാല്‍ പൊതുവഴികളില്‍ കൂടി ചീറിപ്പായുന്ന ട്രക്കിങ് ജീപ്പുകള്‍ കാല്‍നടക്കാര്‍ക്കുപോലും ഭീഷണി ആകുന്നുണ്ട്.

പാത കൈയേറുന്ന ട്രക്കിങ്

ബുധനാഴ്ച ട്രക്കിങ് വാഹനം മറിഞ്ഞ് ഒരാള്‍ മരിച്ച എല്ലക്കല്‍ കൊന്നയാങ്കല്‍പ്പടി റോഡ് നാട്ടുകാര്‍ വെട്ടിയതാണ്. വഴി ഇല്ലാതിരുന്ന നാല്‍പ്പതോളം വീട്ടുകാര്‍ സ്ഥലം വിട്ടുകൊടുത്തതുകൊണ്ടാണ് വഴി യാഥാര്‍ഥ്യമായത്. പിന്നീട് പഞ്ചായത്ത് ഏറ്റെടുത്തു. എന്നാല്‍ ഇപ്പോള്‍ നാട്ടുകാര്‍ക്ക് ഈ വഴി ഉപയോഗിക്കാന്‍ ഭയമാണ്. രാവിലെ മുതല്‍ നൂറുകണക്കിന് ട്രക്കിങ് വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. അപകടഭീതി കാരണം ഓട്ടോറിക്ഷക്കാര്‍ ആരും ഇങ്ങോട്ടു വരുന്നില്ല. രണ്ടുമാസം മുമ്പ് ട്രക്കിങ് വാഹനം മറിഞ്ഞ് ഡ്രൈവര്‍ മരിച്ച മേരിലാന്‍ഡിലെ പൊതുവഴി ട്രക്കിങ് വാഹനങ്ങളുടെ ശല്യംകാരണം നാട്ടുകാര്‍ അടച്ചു.

റോഡില്‍ തടയും

ഇത്തരം വാഹനങ്ങള്‍ക്കെതിരേ അധികാരികള്‍ നടപടിയെടുക്കാത്ത സാഹചര്യത്തില്‍ അമിത വേഗതയില്‍ പായുന്നവയെ റോഡില്‍ തടയാനാണ് നാട്ടുകാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി എല്ലക്കല്‍ കേന്ദ്രീകരിച്ച് പൗരമുന്നണി രൂപവത്കരിക്കും. അമിതവേഗത്തില്‍ പായുന്ന ട്രക്കിങ് വാഹനങ്ങളെ തടയുമെന്ന് വ്യാപാരി നേതാക്കളും ഓട്ടോറിക്ഷാ യൂണിയന്‍ നേതാക്കളും പറഞ്ഞു.

ഫലപ്രദമായ നടപടികള്‍ സ്വീകരിക്കും - ട്രക്കിങ് വാഹനങ്ങളുടെ പരിശോധനയുമായി മുമ്പോട്ടു പോകും. മോട്ടോര്‍ വാഹന വകുപ്പുമായി ചേര്‍ന്ന് ട്രക്കിങ് നടത്തുന്നവരെ ബോധവത്കരിക്കും. അപകടകരമായ വഴികളും കാലഹരണപ്പെട്ട വാഹനങ്ങളും ഒഴിവാക്കാന്‍ ആവശ്യപ്പെടും. പഞ്ചായത്തുമായി യോജിച്ച് ഇവര്‍ക്ക് ട്രക്കിങ് സ്റ്റാന്‍ഡ് നല്‍കി വാഹനങ്ങളുടെ എണ്ണം, പോകുന്ന റൂട്ട്, മറ്റു വിവരങ്ങള്‍ എന്നിവ ശേഖരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും -ശിവലാല്‍ (വെള്ളത്തൂവല്‍ എസ്.ഐ.)