അടിമാലി: സോളാര്‍ നായിക സരിതയ്ക്ക് സിപിഎം വാഗ്ദാനം ചെയ്ത 10 കോടി കേരളത്തിലെ പട്ടിണിപ്പാവങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ സിപിഎം തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.

വിമോചനയാത്രയ്ക്ക് അടിമാലിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തികമായി ഇന്ത്യയിലെ ഏറ്റവുംവലിയ രാഷ്ട്രീയപാര്‍ട്ടിയാണ് സിപിഎം. പാര്‍ട്ടിയുടെ ആസ്തി എങ്ങനെയുണ്ടായി എന്നത് ജനങ്ങളെ പാര്‍ട്ടി ബോധ്യപ്പെടുത്തണം.സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരെയാണ് സരിത കോടതിയില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്.
 
ഇത് സത്യമായതിനാലാണ് സര്‍ക്കാര്‍ സരിതക്കെതിരെ ഒരു വക്കീല്‍ നോട്ടീസ് പോലും അയയ്ക്കാത്തതെന്നും കുമ്മനം പറഞ്ഞു.ഈ സാഹചര്യത്തില്‍ സോളാര്‍കേസ് സിബിഐ അന്വേഷിക്കണം.സോളാര്‍ വിഷയത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന ഇടതുമുന്നണിനിലപാട്, വിഷയത്തില്‍ ഇരുമുന്നണികള്‍ക്കും ഒരേപങ്കാണെന്ന് തെളിയിക്കുന്നു.എസ്.എന്‍.സി. ലാവ്‌ലിന്‍ കേസ് ഒതുക്കിയതുപോലെ സോളാര്‍കേസും ഇല്ലാതാക്കാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നത്. ഇതിനെ നിയമപരമായി നേരിട്ട് സത്യം തെളിയിക്കുമെന്നും കുമ്മനം പറഞ്ഞു.

നിയോജകമണ്ഡലം പ്രസിഡന്റ് വി.കെ.ബിജു അധ്യക്ഷത വഹിച്ചു.എം.ടി.രമേശ്,ശോഭാ സുരേന്ദ്രന്‍,സോജന്‍ ജോസഫ്, എന്നിവര്‍ സംസാരിച്ചു,വി.എന്‍. സുരേഷ് സ്വാഗതവും അളകരാജ് നന്ദിയും പറഞ്ഞു.
നെടുങ്കണ്ടത്തുനടന്ന യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് പി.അജികുമാര്‍ അധ്യക്ഷനായി.എ.എന്‍.രാധാകൃഷ്ണന്‍,പി.എം.വേലായുധന്‍,ബിനു ജെ.കൈമള്‍,അനില്‍ കാട്ടൂപ്പാറ,സി.ഡി.സജീവ് എന്നിവര്‍ സംസാരിച്ചു.
മള്‍ട്ടി നാഷണല്‍ കമ്പനികളുടെ ദല്ലാള്‍മാരായി പ്രവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുമെന്ന് കുമ്മനം കട്ടപ്പനയില്‍ പറഞ്ഞു.അതിന്റെ തെളിവാണ് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍.യാത്രയ്ക്കിടെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാന്‍ കഴിഞ്ഞു.ഇവരുടെ നിവേദനങ്ങള്‍ പഠിച്ച് പ്രത്യേക പാക്കേജ് തയ്യാറാക്കി പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും നല്‍കും.

ചൊവ്വാഴ്ചത്തെ സമാപന സമ്മേളനം ശോഭാ സുരേന്ദ്രന്‍ ഉദ്ഘാടനം  ചെയ്തു. വി.വി.രാജേഷ്, കെ.പി.ശ്രീശന്‍, അഡ്വ.നാരായണന്‍ നമ്പൂതിരി, വി.കെ.സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു. പാറക്കടവില്‍നിന്ന് നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്.സമ്മേളനാന്തരം അമര്‍ജവാന്‍ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. പാരച്യൂട്ടില്‍നിന്നുവീണ് പരിക്കേറ്റ സുഭാഷ് ചന്ദ്രന്റെ വീട് സന്ദര്‍ശിച്ചു. ബുധനാഴ്ച രാവിലെ 10ന് ഏലപ്പാറയില്‍ സ്വീകരണം.വൈകീട്ട് തൊടുപുഴയിലെ സ്വീകരണത്തോടെ ജില്ലയിലെ പര്യടനം അവസാനിക്കും.