ഉപ്പുതറ: കോവില്‍മല രാജാവിന്റെ ആസ്ഥാനമായ രാജപുരത്ത് പ്രവര്‍ത്തിച്ചിരുന്ന 121-ാം നമ്പര്‍ റേഷന്‍ കട സസ്‌പെന്‍ഡുചെയ്തു. റേഷനിങ് ഇന്‍സ്‌പെക്ടറുടെ (ആര്‍.ഐ.)റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസറാണ് റേഷന്‍ കട സസ്‌പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ സ്റ്റോക്കില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ചൊവ്വാഴ്ച രാവിലെ സമയം കഴിഞ്ഞിട്ടും തുറക്കാതിരുന്നപ്പോഴാണ് കട സസ്‌പെന്‍ഡുചെയ്ത വിവരം ഉപഭോക്താക്കളറിയുന്നത്.

മുന്നറിയിപ്പില്ലാതെ കട സസ്‌പെന്‍ഡുചെയ്തതില്‍ ആദിവാസികള്‍ റേഷന്‍കടയ്ക്കു മുന്നില്‍ പ്രതിഷേധിച്ചു. 103-ാം നമ്പര്‍ കടയില്‍നിന്ന് റേഷന്‍ വാങ്ങണമെന്നാണ് ഉപഭോക്താക്കള്‍ക്ക് സിവില്‍ സപ്ലൈസ് ഓഫീസര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിനെതിരേയും പ്രതിഷേധമുണ്ടായി. നാലു കിലോമീറ്ററോളം അകലെയാണ് 103-ാം നമ്പര്‍ കട. മറ്റു സ്ഥലങ്ങളില്‍ പോയി കൂലിപ്പണി ചെയ്ത് തിരിച്ചെത്തുമ്പോള്‍ രാത്രിയാകും. മറ്റാരുടെയെങ്കിലും ചുമതലയില്‍ രാജപുരത്തുതന്നെ റേഷന്‍ കട പ്രവര്‍ത്തിക്കണമെന്നാണ് ആദിവാസികളുടെ ആവശ്യം. മുന്‍ രാജാവ് തേവന്‍ രാജമന്നാന്റെ ശ്രമഫലമായാണ് കോവില്‍മല രാജപുരത്ത് വര്‍ഷങ്ങള്‍ക്കുമുന്‍പ് റേഷന്‍ കട അനുവദിച്ചത്.