കൂട്ടാര്‍: ബീന്‍സ് 500 കിലോ, തക്കാളി 50 കിലോ, ചീര 50 കിലോ ഇത് പച്ചക്കറി മൊത്തക്കച്ചവടക്കടയിലെ ലിസ്റ്റല്ല, കൂട്ടാര്‍ എസ്.എന്‍.എല്‍.പി.എസ്സിലെ കുട്ടികളുടെ വീട്ടിലെ 'കുട്ടിത്തോട്ട'ത്തില്‍നിന്ന് വിളവെടുത്ത പച്ചക്കറിയുടെ കണക്കാണിത്.

'സ്വന്തം' പച്ചക്കറികള്‍കൊണ്ടായിരുന്നു കൂട്ടാര്‍ ശ്രീനാരായണ എല്‍.പി.സ്‌കൂളിലെ കൂട്ടുകാരുടെ ഇത്തവണത്തെ ഓണസ്സദ്യ. ഓണക്കാലം കഴിഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞിട്ടും സമൃദ്ധി നിലനിര്‍ത്താനായതിന്റെ ആഹ്ലാദത്തിലാണ് സ്‌കൂളിലെ മാതൃഭൂമി 'സീഡ്' അംഗങ്ങള്‍. 320 കുട്ടികളാണ് പച്ചക്കറി കൃഷിചെയ്തത്. എല്ലായിനത്തിന്റെയും കണക്കെടുത്താല്‍ ഇമ്മിണി വലുതാണ് നേട്ടം.

ഓരോ കുട്ടിക്കും സ്വന്തമായി നിരീക്ഷണബുക്കുണ്ട്. ഇതില്‍ പച്ചക്കറിയുടെ വളര്‍ച്ചയും മാറ്റങ്ങളും കുട്ടികള്‍ രേഖപ്പെടുത്തും. വീടുകളില്‍ മിച്ചംവരുന്ന പച്ചക്കറികള്‍ കുട്ടികള്‍ സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനുപയോഗിക്കുവാന്‍ കൊണ്ടു വരുന്നുണ്ട്.

ഇതുകൂടാതെ സ്‌കൂളില്‍ രണ്ടരസെന്റില്‍ മഴമറ കൃഷിയുമുണ്ട്. സ്‌കൂളിലെ 45 സെന്റില്‍ വിവിധ പച്ചക്കറികള്‍ നട്ടിട്ടുണ്ട്. പി.ടി.എയുടെ നേതൃത്വത്തില്‍ 500 വാഴയും വെച്ചു. കൂട്ടാര്‍ കൃഷിഭവനില്‍നിന്നാണ് കൃഷിക്കാവശ്യമായ വിത്തും വളവും സാങ്കേതിക സഹായവും നല്‍കുന്നത്. കൂട്ടാര്‍ കൃഷി ഓഫീസര്‍ അശ്വതി റ്റി.വാസു മികച്ച പിന്തുണ നല്‍കുന്നുണ്ട്.

പ്രധാനാധ്യാപിക അനിലാ എസ്.മോഹന്‍, ജിജിമോന്‍ കുറുമക്കല്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജയന്‍ റ്റി.ഡി., പി.ടി.എ. പ്രസിഡന്റ് സുരേഷ് നരിക്കുഴിയില്‍, മദര്‍ പി.ടി.എ. പ്രസിഡന്റ് ഷാന്റി ഷിജു, ജൈവകര്‍ഷകനായ സിബി മണിയമ്പ്രായ്ക്കന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.