കട്ടപ്പന: സ്വകാര്യ വ്യക്തികള്‍ കൈയേറിയ കട്ടപ്പന ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ രണ്ടരയേക്കര്‍ ഭൂമി തിരിച്ചുപിടിക്കണമെന്ന് ആവശ്യമുയര്‍ന്നു. സര്‍ക്കാര്‍ അനുമതിയില്ലാതെ സ്‌കൂള്‍ രേഖകളില്‍നിന്നും, പരസ്യ ബോര്‍ഡില്‍നിന്നും ''ട്രൈബല്‍'' എന്ന പദം നീക്കംചെയ്തത് പിന്‍വലിക്കാന്‍ നടപടിയുണ്ടാകണമെന്നും ആദിവാസി ക്ഷേമപ്രവര്‍ത്തക ധന്യ രാമന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആദിവാസികള്‍ നല്‍കിയ, സ്‌കൂളിന്റെ അഞ്ചരയേക്കര്‍ സ്ഥലത്തില്‍ രണ്ടര ഏക്കര്‍ സ്ഥലം ഒന്‍പത് സ്വകാര്യ വ്യക്തികള്‍ കൈയേറിയിരിക്കുകയാണ്. ഇത് തിരിച്ചുപിടിക്കാന്‍ നടപടിയുണ്ടായില്ലെങ്കില്‍ ആദിവാസികളെ സംഘടിപ്പിച്ച് സ്ഥലം കൈയേറും.
വ്യാഴാഴ്ച കട്ടപ്പനയില്‍ നടക്കുന്ന ആദിവാസി-പട്ടികജാതി യുവജന കൂട്ടായ്മയ്ക്കുശേഷം ജില്ലാ കളക്ടറെ കണ്ട് ആവശ്യം ഉന്നയിക്കും. ഇടുക്കി ജില്ലയില്‍ മാത്രമാണ് ''ട്രൈബല്‍'' എന്ന പദം സ്‌കൂളിന്റെ ബോര്‍ഡില്‍ നിന്നും, രേഖകളില്‍നിന്നും നീക്കിയിട്ടുള്ളത്.
ഈ പേരുള്ളതിനാല്‍ മറ്റു ജാതിക്കാര്‍ക്ക് സ്‌കൂളില്‍ പഠിക്കാന്‍ നാണക്കേടാണെന്ന വാദം അംഗീകരിക്കാനാവില്ല. 1954ല്‍ ആദിവാസികള്‍ സ്‌കൂളിന് നല്‍കിയ അഞ്ചരയേക്കര്‍ സ്ഥലത്തിന്റെ രേഖകളും സ്‌കെച്ചും ധന്യാ രാമന്‍ പ്രദര്‍ശിപ്പിച്ചു. കോഴിമല രാജാവിന്റെ മുന്‍ മന്ത്രി വി.ആര്‍.രാജപ്പന്‍ ഹൈക്കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ടെന്നും, ഇതിന്റെ തുടര്‍നടപടികള്‍ സംഘടന ഏറ്റെടുത്തു നടത്തുമെന്നും അവര്‍ അറിയിച്ചു.
സംസ്ഥാനത്ത് ഭൂമിയില്ലാത്ത ആദിവാസികള്‍ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കാന്‍ സെക്രട്ടേറിയറ്റ് വളയുന്നതടക്കമുള്ള പ്രക്ഷോഭം നടത്തുമെന്നും അവര്‍ പറഞ്ഞു. വിവിധ ആദിവാസി-പട്ടികജാതി സംഘടനാ നേതാക്കളായ കാഞ്ചിയാര്‍ പീതാംബരന്‍, സുകുമാരന്‍ കുന്നുംപുറത്ത്, ടി.എന്‍.മോഹനന്‍, ഇ.പി.സോമന്‍, ജയന്‍ എ. എന്നിവരും, കോഴിമല രാജാവിന്റെ പ്രതിനിധികളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.