കട്ടപ്പന: ഹൈറേഞ്ച് ഇപ്പോള്‍ സിനിമാ ചിത്രീകരണം കാണുന്ന തിരക്കിലാണ്. ലോ റേഞ്ച്കാര്‍ക്ക് സിനിമ ഷൂട്ടിങ് ഒരു പുതുമയുള്ള കാഴ്ച അല്ലെങ്കിലും ഹൈറേഞ്ചില്‍ അത് അത്ര പതിവില്ല. അതുകൊണ്ടുതന്നെ സിനിമ പിടിക്കുന്നത് കാണാന്‍ ചെറുതല്ലാത്ത കൗതുകം ഹൈറേഞ്ച്കാര്‍ക്ക് ഉണ്ട്. ഫഹദ് ഫാസില്‍ നായകനായ മഹേഷിന്റെ പ്രതികാരമാണ് മലനാട്ടില്‍ ഒരു മാസമായി ചിത്രീകരിക്കുന്നത്. പ്രകാശ്, ജോസ്ഗിരി, എഴുകുംവയല്‍ എന്നീ സിനിമകളില്‍ ഇടം പിടിച്ചിട്ടില്ലാത്ത ഹൈറേഞ്ചിലെ സ്ഥലങ്ങളാണ് ഈ സിനിമയ്ക്ക് പഞ്ചാത്തലമാകുന്നത്. ഒരു മാസത്തോളമായി ഈ സിനിമയുടെ ചിത്രീകരണം തുടങ്ങിയിട്ട്. ഏതാനും ദിവസംകൂടി ഷൂട്ടിങ് ഉണ്ടാകും. കഴിഞ്ഞ ദിവസം എഴുകുംവയല്‍ കുരിശുമലയിലും ഇതിന്റെ ചിത്രീകരണം നടന്നിരുന്നു. കുരിശുമല കയറാനെത്തിയ വിശ്വാസികള്‍ക്കും ഷൂട്ടിങ് ആവേശമായി. ദിലീഷ് പോത്തനാണ് സിനിമയുടെ സംവിധായകന്‍. അനുശ്രീയാണ് നായിക. സിനിമയില്‍ ഫോട്ടോഗ്രാഫറായാണ് ഫഹദ് വേഷമിടുന്നത്.
സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനുകളില്‍ ഒന്നാണ് ഇടുക്കിയെങ്കിലും ഷൂട്ടിങ് പലപ്പോഴും തൊടുപുഴയിലും പരിസരങ്ങളിലും ഒതുങ്ങും. മലകയറി എത്തുന്ന സിനിമക്കാര്‍ കുറവായിരുന്നു. ഭാഗ്യ ലൊക്കേഷനെന്ന ബഹുമതിയും തൊടുപുഴയ്ക്കാണ് സ്വന്തമായിരുന്നത്. പക്ഷേ, ഭാഗ്യത്തിന്റെ കാര്യത്തില്‍ ഹൈറേഞ്ചും പിന്നിലല്ലെന്നാണ് മലയാള സിനിമയുടെ ചരിത്രം പറയുന്നത്. വൈശാലി എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമതന്നെ ഉദാഹരണം. ഇടുക്കി അണക്കെട്ടിനായി പാറപൊട്ടിച്ചപ്പോള്‍ ഉണ്ടായ ഗുഹയും(വൈശാലി ഗുഹ), ഇടുക്കി ജലാശയവും കട്ടപ്പന ടൗണിനോട് ചേര്‍ന്ന കുന്തളംപാറ മലയുമൊക്കെയാണ് വൈശാലി എന്ന ഹിറ്റ് സിനിമയ്ക്ക് ലൊക്കേഷനായത്. അടുത്തിടെ കട്ടപ്പനയിലെത്തിയ നടന്‍ വി.കെ.ശ്രീരാമന്‍ കുന്തളംപാറ മലയില്‍ വൈശാലി ഷൂട്ട് ചെയ്തകാലത്തെ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയുണ്ടായി.
ഹൈറേഞ്ചിലേക്കുള്ള പലായനത്തിന്റെ കഥ പറഞ്ഞ പുറപ്പാട് എന്ന മമ്മൂട്ടി ചിത്രവും മികച്ച സിനിമകളിലൊന്നായിരുന്നു. ഈ സിനിമയും ചിത്രീകരിച്ചത് മലനാട്ടിലായിരുന്നു. പെരിയാര്‍ ടൈഗര്‍ റിസര്‍വും തേക്കടിയുമൊക്കെ ഹിന്ദി സിനിമയ്ക്കടക്കം ലൊക്കേഷനായിട്ടുണ്ടെങ്കിലും ഹൈറേഞ്ചിലെ ജനവാസ മേഖലകള്‍ അത്രയൊന്നും സിനിമയില്‍ പകര്‍ത്തിയിട്ടില്ല. മഹേഷിന്റെ പ്രതികാരമാണ് അതിനൊരു മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഇതിന് പിന്നാലെ ഒരു മമ്മൂട്ടി ചിത്രവും ഹൈറേഞ്ചിലേക്ക് ചിത്രീകരണത്തിനായി എത്തുന്നുണ്ടെന്നാണ് സിനിമാവൃത്തങ്ങള്‍ പറയുന്നത്.