കട്ടപ്പന: ഹൈറേഞ്ചില്‍ സമഗ്ര പച്ചക്കറികൃഷി വികസനം ലക്ഷ്യമിട്ട് കൃഷിവകുപ്പു നടപ്പാക്കിയ പദ്ധതി ഓണവിപണിയില്‍ ഭാഗികമായി പ്രതിഫലിക്കും. കട്ടപ്പന കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ പരിധിയില്‍ വരുന്ന ഇരട്ടയാര്‍, കട്ടപ്പന, കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍, ഉപ്പുതറ, വണ്ടന്‍മേട്, ചക്കുപള്ളം എന്നീ പഞ്ചായത്തുകളില്‍ കൃഷിഭവന്‍ മുഖേന എണ്‍പത്തിയാറുലക്ഷം രൂപയുടെ പച്ചക്കറി വികസന പദ്ധതിയാണ് സമഗ്ര പച്ചക്കറി വികസനം ലക്ഷ്യമിട്ട് കൃഷിവകുപ്പ് നടപ്പാക്കിയത്.

മേഖലയിലെ പഞ്ചായത്തുകളില്‍നിന്ന് തിരഞ്ഞെടുത്ത കര്‍ഷകരെ 20 വിഭാഗങ്ങളായി തിരിച്ച് പദ്ധതി നടപ്പാക്കുവാനാണ് കൃഷിവകുപ്പ് ലക്ഷ്യമിട്ടത്. കര്‍ഷകര്‍ക്കുപുറമേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റ് പൊതുസ്ഥാപനങ്ങള്‍ക്കും പദ്ധതിയുടെ ഗുണഭോക്താക്കളാകുവാന്‍ അവസരം നല്‍കിയിരുന്നു.സ്ഥാപനങ്ങള്‍ക്ക് സഹായം

പത്തുസെന്റ് സ്ഥലമെങ്കിലും പച്ചക്കറി കൃഷിക്കായി നീക്കിവെയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് കൃഷിവകുപ്പ് സഹായം നല്‍കി വന്നിരുന്നത്. പച്ചക്കറി കൃഷി ചെയ്യുന്നതിനായി യൂണിറ്റ് ഒന്നിന് 4000 രൂപയും മറ്റു ചെലവുകള്‍ക്ക് 1000 രൂപയുമാണ് ഗുണഭോക്താക്കളായ പൊതുസ്ഥാപനങ്ങള്‍ക്ക് കൃഷിവകുപ്പ് നല്‍കിയിരുന്നത്. ജലസേചന സൗകര്യം ഒരുക്കാന്‍ യൂണിറ്റ് ഒന്നിന് 10,000 രൂപ അധികമായും ലഭിച്ചു. ഓണത്തിന് സ്‌കൂള്‍ ഗാര്‍ഡനുകളിലെ പച്ചക്കറികള്‍ വിളവെടുപ്പിന് തയ്യാറാകും.
സംഘങ്ങള്‍ക്ക് നേരിട്ട് പരിശീലനം നല്കി

ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ പച്ചക്കറി കൃഷിചെയ്യുന്ന ഹൈറേഞ്ചിലെ 20 സംഘങ്ങള്‍ക്ക് കൃഷിവകുപ്പ് നേരിട്ട് പരിശീലനവും സംഘടിപ്പിച്ചിരുന്നു. സമയത്ത് കൃഷിയിറക്കിയ കര്‍ഷകസംഘങ്ങള്‍ക്ക് ഓണത്തിന് വിളവെടുത്തു തുടങ്ങാം. പാവല്‍, ബീന്‍സ്, അച്ചിങ്ങ തുടങ്ങിയവയായിരിക്കും ഇവര്‍ക്ക് ഓണത്തിന് വിപണിയില്‍ എത്തിക്കാനാവുക. ഓഗസ്റ്റ് ആദ്യവാരത്തോടെയാണ് പല ക്ലസ്റ്ററുകളും കൃഷിയിറക്കിയത്. ഇതാണ് പദ്ധതിയുടെ ഫലം പൂര്‍ണമായും ഓണത്തിന് ലഭിക്കാതെ പോകുവാന്‍ കാരണമായത്.

നൂറുചതുരശ്രമീറ്റര്‍ മഴമറ നിര്‍മിച്ച് പച്ചക്കറി കൃഷിചെയ്യാന്‍ 50,000 രൂപ വീതവും വളപ്രയോഗത്തോടു കൂടിയ സൂക്ഷ്മ ജലസേചനം നടത്താന്‍ 50 സെന്റിന് 30,000 രൂപയും കൃഷിവകുപ്പ് വകയിരുത്തിയിരുന്നു. മഴമറ നിര്‍മിക്കുന്നതിന് കൂടുതല്‍ തുക ചെലവാകുന്നതിനാല്‍ സാധാരണക്കാരായ കര്‍ഷകര്‍ പദ്ധതിയോട് മുഖം തിരിക്കുകയാണ്. എന്നാല്‍ ഡിസംബറോടുകൂടി ഗുണഭോക്താക്കളെ കണ്ടെത്തി മഴമറയ്ക്കായി വകയിരുത്തിയ തുക പൂര്‍ണമായും വിനിയോഗിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കൃഷിവകുപ്പ്.