കമ്പിളികണ്ടം: അവഗണനകള്‍ക്ക് നടുവിലൂടെ അനുമോള്‍ തമ്പി ഓടിയെത്തിയത് സ്വര്‍ണനേട്ടത്തിലേക്ക്. ഹൈറേഞ്ചില്‍നിന്ന് ഒളിമ്പ്യന്‍ ബീനാമോളുടെ പിന്‍ഗാമിയായി കായികരംഗത്തെത്തിയ കമ്പിളികണ്ടത്തെ അനുമോള്‍ തമ്പി 3000 മീറ്ററിലാണ് നേട്ടം കൈവരിച്ചത്.
 
വാടകവീട്ടിലെ പരിമിതികള്‍ക്കിടയില്‍നിന്നാണ് അനുമോള്‍ കായികമേളയ്‌ക്കെത്തിയത്. വീടെന്ന സ്വപ്‌നം പാതിവഴിയില്‍ നില്‍ക്കേ ഓടിക്കിട്ടിയ ഈ നേട്ടത്തിന് പത്തരമാറ്റിന്റെ തിളക്കമുണ്ട്.
 
anumol thampi
ഇനിയും നിർമാണം പൂർത്തിയാകാത്ത അനുമോൾ തമ്പിയുടെ വീട്
ഒളിമ്പ്യന്‍ ബീനാമോള്‍ സ്റ്റേഡിയത്തിനുസമീപം പലരുടെയും സഹായത്തോടെ വാങ്ങിയ പത്ത് സെന്റ് സ്ഥലത്ത് അനുമോള്‍ക്ക് വീട് നിര്‍മിക്കുന്നതിന് ഒന്നരവര്‍ഷം മുമ്പ് തറക്കല്ലിട്ടെങ്കിലും നിര്‍മാണം നടന്നില്ല.

2016 ജൂണില്‍ ജനകീയ വീടിന്റെ താക്കോല്‍ദാനം നടത്തുമെന്നായിരുന്നു ജനപ്രതിനിധികളുടെ വാഗ്ദാനം. ഇത് പാഴ്വാക്കായതോടെ കമ്പിളികണ്ടം സെന്റ് മേരീസ് യാക്കോബായ പള്ളി വീടുപണിയാനുള്ള ശ്രമം ഏറ്റെടുത്തു.

ഗ്രാമപ്പഞ്ചായത്തിന്റെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ പത്തുലക്ഷത്തോളം രൂപ മുടക്കി പണി പൂര്‍ത്തിയാക്കുന്നതിനുള്ള ഫണ്ട് സമാഹരണവും തുടങ്ങി. കുന്നിന്‍മുകളിലെ ഷെഡ്ഡിലും വാടകവീട്ടിലുമായി താമസിച്ചിരുന്ന അനുമോളുടെ കുടുംബം പാറത്തോട് മൃഗാശുപത്രിക്ക് സമീപത്തുള്ള വാടകവീട്ടിലേക്ക് താമസം മാറ്റി. ഇപ്പോള്‍ ഇവിടെയാണവര്‍ കഴിഞ്ഞുവരുന്നത്.