കാഞ്ഞാര്‍: സര്‍ക്കാര്‍ ധനസഹായം വാങ്ങിനല്കാമെന്ന് പറഞ്ഞ് മുട്ടത്തിന് സമീപം വയോധികയെ പറ്റിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ കാഞ്ഞിരപ്പള്ളി സ്വദേശി പോലീസ് പിടിയിലായി. വട്ടപ്പാറ തൈപ്പറമ്പില് ഷഫീക്കി(32) നെയാണ് സമാനമായ േകസുകളുടെ വിവരം ശേഖരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില് മുട്ടം പോലീസ് അറസ്റ്റ് ചെയ്തത്. മത്തായിപ്പാറ അരിപ്പാറയില്‍ കാര്‍ത്ത്യായനി(70) യുടെ ഒരു പവന്‍ സ്വര്‍ണമാലയും 1500 രൂപയുമാണ് നഷ്ടപ്പെട്ടത്.

സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: 3 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും അതുവാങ്ങി നല്കാമെന്നും പറഞ്ഞാണ് തിരുവനന്തപുരത്തെ ട്രഷറി ജീവനക്കാരനെന്ന് സ്വയം പരിചയപ്പെടുത്തിയ ഷഫീക്ക് കാര്‍ത്ത്യായനിയുടെ വീട്ടില്ലെത്തുന്നത്. ഉടന്‍ പണം വാങ്ങുന്നതിനായി 6500 രൂപ മുന്‍കൂര്‍ അടയ്ക്കണമെന്ന് പറഞ്ഞപ്പോള്‍ ആദ്യം 1500 രൂപ എടുത്ത് നല്കി. ബാക്കി തുകയ്ക്കായി മാല ഊരി നല്കി. പണയം വെച്ച് പണം എടുത്ത് കൊള്ളുവാനും പറഞ്ഞു.

ഷഫീക്ക് പോയശേഷം സമീപവാസിയോട് കാര്‍ത്ത്യായനി കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ് തട്ടിപ്പാണെന്ന് ഇവര് അറിയുന്നത്. ഉടന്‍ പോലീസില് പരാതി നല്കി. ആളെക്കുറിച്ച് ഇവര് നല്കിയ അടയാളങ്ങളുടെ അടിസ്ഥാനത്തില് പോലീസ് അന്വേഷണം നടത്തി. കഴിഞ്ഞ വര്‍ഷം സമാന കേസില്‍ പണം തട്ടിയ ആളെ കണ്ടെത്തുകയും ഇയാളുടെ ചിത്രവും മൊബൈല്‍ നമ്പറും പോലീസ് ശേഖരിക്കുകയും ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തില് പ്രതി മുട്ടത്തെത്തിയതായി മൊബൈല്‍ രേഖകളില്‍ വ്യക്തമായി. ശനിയാഴ്ച ഉച്ചയോടെ കാഞ്ഞിരപ്പള്ളി ടൗണില് നിന്നാണ് പ്രതി പിടിയിലായത്.

മുട്ടം എസ്.ഐ ബിജോയി, അഡീ. എസ് ഐ. എം.എ.സാബു, എ.എസ്.ഐ. മുഹമ്മദ്, ഉദ്യോഗസ്ഥരായ അജി, ജോളി, സനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില് ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതിയ്ക്ക് മുട്ടം മേഖലയില്‍നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്നതും പോലീസ് അന്വേഷിച്ച് വരികയാണ്.