ഇടുക്കി: രാജ്യത്ത് കാലങ്ങളായി തുടര്‍ന്നു വരുന്ന 'സ്ഥിരം തൊഴില്‍ സംസ്‌കാരവും' സ്ഥിരം സ്വഭാവമുള്ള നിയമനങ്ങളും ഇല്ലാതാക്കുന്ന 'നിശ്ചിത കാലയളവ് തൊഴില്‍ നയം' അഥവാ താത്കാലിക നിയമനരീതി നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് കെ.മാണി എം.പി. ആവശ്യപ്പെട്ടു.

നോക്കു കൂലി നിരോധിച്ച കേരള സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നു. അസംഘടിതരായ മുഴുവന്‍ തൊഴിലാളികളെയും ക്ഷേമ നിധിയുടെ പരിധിയില്‍ പെടുത്തണം. ജോസ് കെ.മാണി പറഞ്ഞു. കെ.ടി.യു.സി(എം) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ തോപ്രാംകുടിയില്‍ സംഘടിപ്പിച്ച മേയ് ദിന ആചരണവും, തൊഴിലാളി സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തന്‍കാലാ അദ്ധ്യക്ഷത വഹിച്ചു. റോഷി അഗസ്റ്റിന്‍ മുഖ്യപ്രഭാഷണം നടത്തി. മുതിര്‍ന്ന തൊഴിലാളികളെയും വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളെയും ആദരിച്ചു. ഇടുക്കി ജില്ലാ പ്രസിഡന്റ് ജോര്‍ജ് അമ്പഴം ക്ഷേമ നിധി കാര്‍ഡുകള്‍ വിതരണം ചെയ്തു. അഡ്വ. അലക്‌സ് കോഴിമല, പ്രൊഫ. കെ.ഐ.ആന്റണി, പ്രൊഫ. എം.ജെ. ജേക്കബ്, റെജി കുന്നുംകോട്ട്, ഷാജി കാഞ്ഞമല, റ്റി.പി. മല്‍ക്ക, രാജു തോമസ്, സെലിന്‍ കുഴിഞ്ഞാലില്‍, സാനിച്ചന്‍ ഫിലിപ്പ്, എ.എസ്.ജയന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.