രാജാക്കാട്: പുതുവത്സര ആഘോഷത്തിനിടെ സംഘര്‍ഷമുണ്ടാക്കിയ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളടക്കമുള്ള ഏഴു പേരേ പോലീസ് പിടികൂടി. സംഘത്തിലെ പ്രധാനിയായ കഞ്ചാവ് കേസ് പ്രതി ഉള്‍പ്പടെ ഏഴുപേര്‍ പോലീസിന് നേരേ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച് രക്ഷപെട്ടു. രാജാക്കാട് ടൗണില്‍ ഞായറാഴ്ച രാത്രയിലാണ് സംഭവം.

എസ്റ്റേറ്റ് പൂപ്പാറ മകരപ്പറമ്പില്‍ ബാലകൃഷ്ണന്‍ മകന്‍ ശ്യാം (19)സഹോദരന്‍ ശരത്ത് (18), നടുമറ്റം തെക്കേക്കുന്നേല്‍ ജോളിയുടെ മകന്‍ എബിന്‍ (20) എന്നിവരേയും, നാല് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളേയുമാണ് അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ നിരവധി മയക്കുമരുന്ന് മാഫിയാ സംഘത്തിലെ പ്രധാന കണ്ണി രാജാക്കാട് സ്വദേശി സുജിത്ത് അടക്കമുള്ള ഏഴുപേര്‍ രക്ഷപ്പെട്ടതായി രാജാക്കാട് എസ്.ഐ അനൂപ്‌മോന്‍ പറഞ്ഞു. രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം ഉണ്ടായത്. സുജിത്ത് നേതൃത്വത്തിലുള്ള സംഘം രാജാക്കാട് ടൗണില്‍ അഴിഞ്ഞാട്ടം നടത്തി. വ്യാപാരികളെ മര്‍ദിക്കുവാനും ശ്രമമുണ്ടായി.

ഈ സമയം ടൗണില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇതുതടയാന്‍ ശ്രമിച്ചു. എന്നാല്‍, സംഘം പോലീസിന് നേരേ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച് മര്‍ദിക്കുവാന്‍ ശ്രമിച്ചു. സംഭവം അറിഞ്ഞ് കൂടുതല്‍ പോലീസ് എത്തിയതോടെ സംഘം ചിതറി ഓടി. പ്രായപൂര്‍ത്തിയാകാത്ത നാല് പ്രതികളെ തൊടുപുഴ ജുവനൈല്‍ കോടതിയിലും മറ്റു മൂന്നു പേരെ നെടുങ്കണ്ടം കോടതിയിലും ഹാജരാക്കി.