ചെറുതോണി: സെറ്റില്‍മെന്റ് ഭൂമിയിലെ കൈയേറ്റം ആദിവസികളെ ഭൂരഹിതരും ദരിദ്രരുമാക്കിയെന്ന് കൊലുമ്പന്റെ പിന്‍മുറക്കാര്‍. കൊലുമ്പന്‍ കോളനി സെറ്റില്‍മെന്റിലെ അര്‍ഹതപ്പെട്ട ഭൂമി ഓരോന്നായി നഷ്ടപ്പെട്ടതോടെ തങ്ങളുടെ ജീവിതം പട്ടിണിയിലായെന്ന് കൊലുമ്പന്റെ മകന്റെ മകനും മുതിര്‍ന്ന കാര്‍ണവനുമായ ഭാസ്‌കരന്‍(80) പറയുന്നു.

സെറ്റില്‍മെന്റ് ഭൂമി ആദിവാസികളെ കബളിപ്പിച്ച് പാട്ടക്കൃഷിക്ക് പലരും വാങ്ങിയിട്ട് സ്ഥലം തിരികെ നല്‍കിയില്ല. സ്ഥലം തിരികെ ചോദിച്ചപ്പോള്‍ ആയുധങ്ങളുമായി ഭീഷണിപ്പെടുത്തി ഓടിച്ചു. നഷ്ടപ്പെട്ട സ്ഥലം ആദിവാസികള്‍ ജീവനെ ഭയന്ന് ഉപേക്ഷിക്കുകയായിരുന്നു. ആദിവാസികളുടെ സ്ഥലം കൈയേറാന്‍ പാടില്ലായെന്ന നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകാത്തത് കൈയേറ്റക്കാര്‍ക്ക് ശക്തി നല്‍കിയെന്ന് ഭാസ്‌കരന്‍ പറഞ്ഞു.

ആദിവാസികളുടെ സ്ഥലം കൈയേറി കൈക്കലാക്കിയവര്‍ പിന്നീട് പലര്‍ക്കായി കൈമാറ്റ വില്‍പന നടത്തി ലക്ഷങ്ങള്‍ സമ്പാദിച്ചു. ഭൂമി നഷ്ടമായതോടെ കൃഷിചെയ്യാന്‍ സ്ഥലം ഇല്ലാതെയായി. കൃഷിയും ജോലിയും ഇല്ലാതായതോടെ ആദിവാസികള്‍ ദരിദ്രരായി. ഇപ്പോള്‍ വല്ലപ്പോഴും ലഭിക്കുന്ന കൂലിപ്പണിയാണ് പലരുടെയും അന്നത്തിനുള്ള മാര്‍ഗം.

ഏക്കര്‍കണക്കിന് കൃഷിഭൂമി ഉണ്ടായിരുന്നവര്‍ക്ക് സെന്റുകളായി ചുരുങ്ങി. മരിച്ചാല്‍ മൃതദേഹം സംസ്‌കരിക്കാനുള്ള ഭൂമിപോലും പലര്‍ക്കുമില്ലെന്ന് ഭാസ്‌കരന്‍ പറയുന്നു.

സെറ്റില്‍മെന്റില്‍ നിലവില്‍ സ്ഥലമുള്ള ആദിവാസികള്‍ക്ക് പട്ടയം ആവശ്യമാണ്. പട്ടയം ഇല്ലാത്തതിനാല്‍ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് കുട്ടികളുടെ പഠനത്തിനും മറ്റും സര്‍ക്കാര്‍ ലഭ്യമാക്കുന്ന വായ്പപോലും എടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. സെറ്റില്‍മെന്റിലെ ഭൂമിയിലേക്കുള്ള മറ്റുവിഭാഗക്കാരുടെ കൈയേറ്റം സര്‍ക്കാര്‍ നിയമംമൂലം കര്‍ശനമായി ഇനിയെങ്കിലും തടയണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് ഭാസ്‌കരന്‍ പറഞ്ഞു.

വൈദ്യുതിവകുപ്പില്‍ ജോലി വാഗ്ദാനം നടപ്പിലാക്കിയില്ല

ഇടുക്കി ഡാം പൂര്‍ത്തീകരിച്ചാല്‍ വൈദ്യുതി ബോര്‍ഡില്‍ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാമെന്ന് കൊലുമ്പനോട് അന്നത്തെ സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ തങ്ങളുടെ കുടുംബത്തിലെ ഒരു പേരക്കുട്ടിക്കുപോലും ജോലി നല്‍കിയിട്ടില്ലെന്ന് കൊലുമ്പന്റെ പിന്മുറക്കാര്‍ പറയുന്നു. കൊലുമ്പന് സര്‍ക്കാര്‍ നല്‍കിയിരുന്ന 40 രൂപ പ്രതിമാസ പെന്‍ഷന്‍ അദ്ദേഹം മരിച്ചപ്പോള്‍ നിര്‍ത്തലാക്കി. മരുന്നുവാങ്ങുവാനോ, വൈദ്യുതി ബില്ല് അടയ്ക്കാനോപോലും നിവൃത്തിയില്ലാത്ത അവസ്ഥയാണെന്നും അവര്‍ പറയുന്നു. പുതുതലമുറയ്ക്ക് ജോലിയും മുതിര്‍ന്ന കാരണവന്മാര്‍ക്ക് പെന്‍ഷനും നല്‍കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ഇവരുടെ ആവശ്യം.