തൊടുപുഴ: വിദേശമദ്യശാലയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത നഗരസഭാ അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ ബഹളവും വാക്കേറ്റവും.

ചര്‍ച്ചയ്ക്കിടെ വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അതനുവദിക്കാതെ ചെയര്‍പേഴ്‌സണ്‍ യോഗം പിരിച്ചുവിട്ടു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഓഫീസ് മുറിയില്‍ ചെയര്‍പേഴ്‌സണെ ഉപരോധിച്ചു.

ശനിയാഴ്ച രാവിലെ 10.30 നാണ് യോഗം തുടങ്ങിയത്. വെങ്ങല്ലൂര്‍ മങ്ങാട്ടുകവല നാലുവരിപാതയില്‍ സ്ഥിതിചെയ്യുന്ന മുറികളില്‍ വിദേശമദ്യശാല തുടങ്ങുന്നതിന് ലൈസന്‍സ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഷോപ്പ് ഇന്‍ ചാര്‍ജ് ഏപ്രില്‍ ഏഴിന് നഗരസഭയില്‍ അപേക്ഷ നല്‍കിയിരുന്നു. 11 സി.പി.എം. കൗണ്‍സിലര്‍മാരും എട്ട് യു.ഡി.എഫ് കൗണ്‍സിലര്‍മാരും ഒരു ബി.ജെ.പി കൗണ്‍സിലറുമാണ് ചര്‍ച്ചയ്‌ക്കെത്തിയത്. ഇതില്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരും ബി.ജെ.പി അംഗവും ലൈസന്‍സ് നല്‍കണമെന്ന് കൗണ്‍സിലില്‍ ആവശ്യപ്പെട്ടു.കേരളത്തില്‍ സര്‍ക്കാര്‍ തന്നെ മദ്യം വില്‍ക്കുന്നുണ്ടെന്നും നിരവധിയാളുകള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്നും ബി.ജെ.പി. കൗണ്‍സിലര്‍ രേണുക രാജശേഖരന്‍ കൗണ്‍സിലിനെ അറിയിച്ചു. എന്നാല്‍ മദ്യഷാപ്പിന് ലൈസന്‍സ് നല്‍കരുതെന്ന് ലീഗ് കൗണ്‍സിലര്‍ എ.എം.ഹാരിദ് യോഗത്തില്‍ ആവശ്യപ്പെട്ടു.യു.ഡി.എഫിലെ സിസിലി ജോസും മദ്യശാല അനുവദിക്കാന്‍ പാടില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

അജന്‍ഡയില്‍ പരാമര്‍ശിക്കുന്ന കുറിപ്പ് തെറ്റാണെന്നും സെക്രട്ടറി കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കൗണ്‍സിലര്‍ പി.എ. ഷാഹുല്‍ ഹമീദ് പറഞ്ഞു.ഇരുഭാഗത്തുമായി കൗണ്‍സിലര്‍മാരുടെ വാദപ്രതിവാദം ശക്തമായതോടെ കൗണ്‍സില്‍ യോഗത്തില്‍ ബഹളമായി. തര്‍ക്കം രൂക്ഷമായതോടെ സി.പി.എം കൗണ്‍സിലര്‍മാര്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നിരസിച്ച ചെയര്‍പേഴ്‌സണ്‍ ലൈസന്‍സ് നല്‍കുന്നത് പുനഃപരിശോധിക്കണമെന്നും ഇതിന് സ്‌പെഷല്‍ കൗണ്‍സില്‍ വിളിച്ചുചേര്‍ക്കണമെന്നും പറഞ്ഞ് കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടു. ചെയര്‍പേഴ്‌സന്റെ അപ്രതീക്ഷിതമായ നീക്കത്തില്‍ അമ്പരന്ന സി.പി.എം. കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ ഹാളിന്റെ വാതിലടച്ച് ചെയര്‍പേഴസ്‌ണെ തടയാനുള്ള ശ്രമവും നടത്തി. ഇവരെ തള്ളി നീക്കി പുറത്തിറങ്ങിയ ചെയര്‍പേഴ്‌സണ്‍ ഓഫീസ് മുറിയിലേക്ക് പോയി. ഇതോടെ പിന്നാലെ എത്തിയ സി.പി.എം കൗണ്‍സിലര്‍മാര്‍ ഓഫീസ് മുറിയിലെത്തി ചെയര്‍പേഴ്‌സണെ ഉപരോധിക്കുകയായിരുന്നു. യു.ഡി.എഫ് അംഗങ്ങളും എത്തിയതോടെ എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ രൂക്ഷമായ വാക്കേറ്റമാണ് നടന്നത്.