പണിക്കന്‍കുടി(ഇടുക്കി): കേരള സംഗീത നാടക അക്കാദമിയുടെ ഈ വര്‍ഷത്തെ മികച്ച പ്രൊഫഷണല്‍ നാടകമായ 'വെയിലി'ലെ അഭിനേതാക്കളായ താരദമ്പതിമാര്‍ കമ്പിളികണ്ടത്തിന് അഭിമാനമാകുന്നു. മലയാള പ്രൊഫഷണല്‍ നാടകവേദിയിലെ ഏറ്റവും പ്രായം കുറഞ്ഞ താരദമ്പതിമാര്‍കൂടിയാണ് പ്രിന്‍സ് ആന്റണി അഗസ്റ്റിനും മരിയയും.

കമ്പിളികണ്ടം കുന്നത്തൂര്‍ വീട്ടില്‍ അഗസ്റ്റിന്റെയും മേരിക്കുട്ടിയുടെയും മകനായ പ്രിന്‍സും (23) പതിനാറാംകണ്ടം പാറയ്ക്കല്‍ ചാക്കോയുടെയും സെലിന്റെയും മകളായ മരിയ(21)യും രണ്ടുവര്‍ഷം മുമ്പാണ് വിവാഹിതരായത്. ഇടുക്കിയിലെ കമ്പിളികണ്ടം എന്ന കൊച്ചുഗ്രാമത്തില്‍നിന്ന് കേരളത്തിന്റെ നാടകവേദിയിലേക്കെത്തിയതാണിവര്‍.

ലഹരിവിരുദ്ധ സന്ദേശം പ്രമേയമായ 'വെയില്‍' മികച്ച നാടകരചന, സംവിധാനം, അഭിനയം എന്നിവയുള്‍െപ്പടെ ഏഴോളം അവാര്‍ഡുകള്‍ നേടി.

സ്‌കൂള്‍, കോളേജ് പഠനകാലത്തുതന്നെ അഭിനയകലയില്‍ ഇരുവരും മികവുപുലര്‍ത്തിയിരുന്നു. 'ചില നേരങ്ങളില്‍ ചിലര്‍' എന്ന നാടകത്തിലൂടെയാണ് ഈ താരദമ്പതിമാര്‍ പ്രൊഫഷണല്‍ നാടകരംഗത്തെത്തുന്നത്. 'സഖാവ്', 'കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ' എന്നീ സിനിമകളിലും മരിയ അഭിനയിച്ചിട്ടുണ്ട്.