• 26 കോടിയുടെ പദ്ധതി
  • മുകളിലൂടെ നടക്കാവുന്ന അക്വേറിയം
ചെറുതോണി: ഇടുക്കി ആര്‍ച്ച്ഡാമില്‍ ലോകത്തിലെ ഏറ്റവും വലിയ ലേസര്‍ ഷോ പദ്ധതി തുടങ്ങാന്‍ കെ.എസ്.ഇ.ബി.യുടെ ശ്രമം. 26 കോടി രൂപ ചെലവില്‍ ലോകത്തിലെ ഏറ്റവും വലിയ ലേസര്‍ ഷോ ഉണ്ടാക്കുകയാണ് ലക്ഷ്യം. 500 അടി ഉയരവും 400 അടി വീതിയുമുള്ള അണക്കെട്ടിന്റെ വെള്ളയടിച്ച ചുമരിലായിരിക്കും ഷോ.

ആയിരം പേര്‍ക്ക് ഇരിക്കാവുന്ന തിയേറ്റര്‍ സംവിധാനം അണക്കെട്ടിന് മുന്നിലായി സ്ഥാപിക്കും. സമീപത്തായി രണ്ടേക്കര്‍ വിസ്തൃതിയോടെ അന്താരാഷ്ട്ര നിലവാരത്തില്‍ ഗ്ലാസ് അക്വേറിയവും നിര്‍മ്മിക്കും. ഇതിനു മുകളിലൂടെ സന്ദര്‍ശകര്‍ക്ക് നടന്നുകാണാനുള്ള രീതിയിലാവും രൂപകല്‍പ്പന. അണക്കെട്ടിന്റെ അടിഭാഗത്ത് എത്തുന്ന സഞ്ചാരികളെ കേബിള്‍ കാര്‍ വഴി കുറവന്‍മലയിലെ വൈശാലി ഗുഹയില്‍ എത്തിക്കുന്ന പദ്ധതിയും ഒരുക്കും. ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് പദ്ധതി രൂപകല്‍പ്പന ചെയ്യുന്നത്.

വൈശാലി ഗുഹയിലും അക്വേറിയം സ്ഥാപിക്കും. കെ.എസ്.ഇ.ബി. ഹൈഡല്‍ ടൂറിസം സംസ്ഥാന ഡയറക്ടര്‍ കെ.ജെ.ജോസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം കമ്പനി പ്രതിനിധികളുമൊത്ത് സ്ഥലം സന്ദര്‍ശിച്ച് പദ്ധതി വിലയിരുത്തി. ഡിസംബര്‍ 21-ന് തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറി തലത്തില്‍ യോഗം ചേര്‍ന്ന് നടപടി തുടങ്ങുമെന്ന് കെ.ജെ.ജോസ് പറഞ്ഞു.

ഇടുക്കിക്ക് പ്രതീക്ഷ

രാജ്യത്തെ ഏറ്റവും വലിയ ആര്‍ച്ച്ഡാമുള്ള ഇടുക്കിയില്‍ 36 കോടി രൂപയുടെ വികസന പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍പോകുന്നത്. ഇതില്‍ താമസസൗകര്യം ഒരുക്കാനുള്ള പദ്ധതി 10 കോടി രൂപ ചെലവില്‍ തുടങ്ങിക്കഴിഞ്ഞു. അഞ്ച് കോടി ചെലവഴിച്ച് ഇക്കോ ലോഡ്ജും അഞ്ച് കോടിയുടെ യാത്രിനിവാസ് ലോഡ്ജുമാണ് നിര്‍മിക്കുന്നത്.