മറയൂര്‍: തായണ്ണന്‍കുടിക്കാര്‍ കാലത്തിന് പുറകിലേക്ക് നടന്നത് ഗൃഹാതുരത്വം കൊണ്ടായിരുന്നില്ല. പഴമയുടെ ഗുണവും നന്‍മയും പുതിയ കാലത്തിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ വേണ്ടിയുള്ള യാത്ര. തങ്ങളുടെ പരമ്പരാഗത വിത്തുകള്‍ കൃഷി ചെയ്ത് മികച്ച വിളവെടുത്ത് അവര്‍ ആ യാത്ര തുടരുകയാണ്.

പരമ്പരാഗത വിത്തുകളെ സംരക്ഷിക്കാനുള്ള പുനര്‍ജീവനം പദ്ധതിയുടെ രണ്ടാം ഘട്ടമാണ് ഇപ്പോള്‍ തായണ്ണന്‍കുടിയില്‍ നടക്കുന്നത്. കൃഷി പ്രധാന ഉപവജീവന മാര്‍ഗ്ഗമായി സ്വീകരിച്ച ഗോത്രവര്‍ഗ്ഗ സമൂഹമാണ് തായണ്ണന്‍ കുടിക്കാര്‍. കാല്‍ നൂറ്റാണ്ട് മൂമ്പ് വരെ റാഗി, തിന, ഞവര, ചോളം, തുടങ്ങി നിരവധി കൃഷികള്‍ മറ്റു ആദിവാസി വിഭാഗങ്ങളേപ്പോലെ ഇവരും ചെയ്തു വന്നിരുന്നു. എന്നാല്‍ കാലക്രമേണ ഇവയെല്ലാം നാമ മാത്രമായി ചുരുങ്ങി. അതോടെ ഇവരുടെ സ്വാഭാവിക ഭക്ഷണശീലത്തിനും മാറ്റം വന്നു.

ഈ അവസ്ഥയിലാണ് പുനര്‍ജീവനം പദ്ധതി കുടിയിലേക്ക് എത്തുന്നത്. നാമ മാത്രമായ പല വിളകളുടേയും വിത്തുകള്‍ പല മേഖലകളില്‍ നിന്നും ചിന്നാര്‍ അസ്സിസ്റ്റന്റ് വാര്‍ഡന്‍ പി.എം. പ്രഭുവിന്റെ നേതൃത്വത്തില്‍ ശേഖരിച്ച് തായണ്ണന്‍ കുടിയില്‍ വിതച്ചു. വെള്ളവരഹ്, കമ്പന്‍ തിന, വിവിധയിനം ചീരകള്‍, വെള്ള റാഗി, പൂവന്‍ റാഗി, കരിമുട്ടി റാഗി മട്ടതൊങ്കല്‍ റാഗി, കരുവരഹ്, പച്ചമുട്ടി റാഗി, കാടന്‍ പാറ റാഗി, റൊട്ടി റാഗി, അരഗ നാച്ചി റാഗി, മത്തന്‍ പാറ്റ നക്കി, കറുത്ത മത്തന്‍, തുടങ്ങി 30 ലധികം ഇനങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. കലണ്ടര്‍ പ്രകാരം പരിപാലിച്ചതിനാല്‍ മികച്ച വിളവും ലഭിച്ചു.

അവസാനം അപൂര്‍വമായ വെള്ളവരഹ് വിളവെടുത്ത് വനം വന്യ ജീവി വകുപ്പ് മൂന്നാര്‍ ഡിവിഷന്‍ വാര്‍ഡന്‍ ആര്‍.ലക്ഷ്മി ഇനിയും മുന്നോട്ട് പോകാന്‍ ആഹ്വാനം ചെയ്തു. കാശി എന്നയാളുടെ സ്ഥലം വനം വകുപ്പ് പാട്ടത്തിന് എടുത്താണ് കൃഷിയിറക്കിയത്. വിളവെടുത്ത് വിത്തുകളാക്കി മാറ്റി മറ്റ് ആദിവാസി ഗ്രാമങ്ങളിലും വ്യാപിപ്പിക്കുവാനുള്ള ശ്രമമാണ് വകുപ്പ് ലക്ഷ്യ മിടുന്നത്. 2016-17 ലെ മികച്ചപരമ്പാരഗത കൃഷിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച ഗോത്ര വര്‍ഗ്ഗ ഗ്രാമമാണ് തായണ്ണന്‍ കുടി.