രാജാക്കാട്ടിലെ മധുരക്കിഴങ്ങ് കൃഷി

രാജാക്കാട്: ഹൈറേഞ്ചില്‍ വീണ്ടും മധുരക്കിഴങ്ങ് വിപ്ലവം. വിപണിയില്‍ വില വര്‍ദ്ധിച്ചതോടെയാണ് ഇടവേളയ്ക്ക് ശേഷം കര്‍ഷകര്‍ വീണ്ടും മധുരക്കിഴങ്ങ് കൃഷിയിലേക്ക് തിരിയുന്നത്. നിലവില്‍ ഒരുകിലോ മധുര കിഴങ്ങിന് മുപ്പത് രൂപ വരെയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. 

ഇഷ്ട ഇടവിള

കുടിയേറി പാര്‍ത്ത കാലം മുതല്‍ കര്‍ഷകരുടെ പ്രധാന കൃഷിയാണ് മധുരക്കിഴങ്ങ്. മറ്റ് കൃഷിയുടെ ഇടവിളയായാണ് സാധാരണ കൃഷി ചെയ്യുന്നത്. മധുരക്കിഴങ്ങിന് വിലക്കുറവ് മൂലം 25 വര്‍ഷമായി കര്‍ഷകര്‍ ഈ കൃഷിയില്‍നിന്ന് പിന്‍വാങ്ങുകയായിരുന്നു.

ഏറ്റവും എളുപ്പം വാഴകൃഷിക്കൊപ്പം

ഏത്തവാഴകൃഷിയുടെ വിളവെടുപ്പിനു ശേഷം വാഴത്തടകള്‍ ചേര്‍ത്ത് അടുക്കി ഇത് മണ്ണിട്ട് ജൈവപുതയാക്കി മൂടിയ ശേഷമാണ് മധുരക്കിഴങ്ങ് കൃഷി ചെയ്യുന്നത്. വാഴത്തടയില്‍ ജലാംശം കൂടുതലുള്ളതിനാല്‍ ഇവ മണ്ണിനടിയില്‍ കിടന്ന്  അഴുകുകയും വളമായി മാറുകയും ചെയ്യുന്നു. അടുത്ത വാഴ കൃഷിക്കു തടസം വരാതെ മധുരകിഴങ്ങിന്റെ വിളവെടുക്കുകയും ചെയ്യാം.  മികച്ച വിളവും  ഉയര്‍ന്ന വിലയും ലഭ്യമായതോടെ ഹൈറേഞ്ചിലെ കര്‍ഷകര്‍ക്കും മധുരം പകരുന്ന കൃഷിയായി മാറിയിരിക്കുകയാണ് മധുരക്കിഴങ്ങ് കൃഷി.