ശാന്തന്‍പാറ: ശക്തമായ മഴയില്‍ അനയിറങ്കല്‍ ജലാശയത്തിലെ ജലനിരപ്പുയര്‍ന്നതോടെ ബോട്ടിങ്ങിനെത്തുന്ന സഞ്ചാരികളുടെ തിരക്കു വര്‍ധിച്ചു. ബോട്ടുയാത്രയ്ക്കിടയില്‍ കാട്ടാനകളെ കാണാന്‍ കഴിയും. ജില്ലയിലെ ഹൈഡല്‍ ടൂറിസം സെന്ററുകളില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന കേന്ദ്രമാണ് ആനയിറങ്കല്‍. മൂന്നാര്‍-കുമളി റൂട്ടില്‍ ദേശീയപാതയോരത്താണ് ആനയിറങ്കല്‍ ജലാശയം.

ഇത്തവണത്തെ കടുത്ത വരള്‍ച്ചയില്‍ ജലനിരപ്പ് ഗണ്യമായി താഴ്ന്നതോടെ ഇവിടത്തെ ബോട്ട് സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. ഇതോടെ ഇവിടേക്കുള്ള സഞ്ചാരികളുടെ വരവും നിലച്ചു. മഴയില്‍ ജലനിരപ്പുയര്‍ന്നതോടെ ഒരുമാസമായി ബോട്ടിങ് നടക്കുന്നുണ്ട്. അവധിദിവസങ്ങളിലടക്കം നൂറുകണക്കിനു സഞ്ചാരികളാണ് എത്തുന്നത്.

രണ്ട് സ്​പീഡ് ബോട്ടും ഒരു ഹൗസ് ബോട്ടും രണ്ടു കുട്ടവഞ്ചിയും രണ്ട് കയാക്കിങ് ബോട്ടുമാണ് ഇവിടെയുള്ളത്. തിരക്കേറിയതോടെ മണിക്കൂറുകള്‍ കാത്തുനിന്നാണ് സഞ്ചാരികള്‍ ജലയാത്ര നടത്തുന്നത്.