നാമുപയോഗിക്കുന്ന പല കറിമസാലകളും രുചിക്കൂട്ട് മാത്രമല്ല ,മാരക രോഗങ്ങളിൽ നിന്ന് നമ്മെ പൊതിഞ്ഞു പിടിക്കുന്ന ആരോഗ്യ സംരക്ഷകർ കൂടിയാണ്.മുൻപ് വീട്ടമ്മമാർ അടുക്കളയിൽ തന്നെ വറുത്ത് പൊടിച്ച മസാലകാളാണ് കറികൾക്കായി ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്ന് കാലം മാറി.കഥ മാറി.പാക്കറ്റ് മസാലകൾ അടുക്കളയിൽ സ്ഥാനം പിടിച്ചു.തിരക്കു പിടിച്ച ഓട്ടത്തിനിടയിൽ വീട്ടമ്മമാർക്ക് വേറെ രക്ഷയില്ല.എന്നാൽ മായം ചേർന്ന  കറിപ്പൊടികളാണ് മിക്കതും. കറിപ്പൊടികളിലെ മായം കണ്ടുപിടിക്കാൻ ഇതാ ചില നുറുങ്ങു വിദ്യകൾ 

മുളക് പൊടി 

വിപണികളില്‍ ലഭിക്കുന്ന മിക്ക പലവ്യഞ്ജനക്കൂട്ടുകളിലും പ്രത്യേകിച്ച് മുളക് പൊടിയില്‍ നിരോധിച്ച കീടനാശിനി പ്രൊഫനഫോസിന്റെ അംശം കണ്ടെത്തിയിരുന്നു.ഇതറിയാന്‍ ഒരു സ്പൂണ്‍ മുളക് പൊടി ഒരു ഗ്‌ളാസ് വെള്ളത്തിലേക്ക് വിതറുക.അടിഭാഗത്ത് നിറം പടരുന്നുണ്ടെങ്കില്‍ പൊടിയില്‍ മായമുണ്ടെന്ന് മനസിലാക്കാം

മഞ്ഞള്‍പൊടി

മഞ്ഞള്‍പൊടിയില്‍ മായമുണ്ടോ എന്നറിയാന്‍ വെള്ളത്തില്‍ കലക്കി നോക്കിയാല്‍ മതി.നന്നായി മഞ്ഞനിറം വെള്ളത്തില്‍ പടരുന്നുവെങ്കില്‍ ലെഡ് ക്രോമസേറ്റ് പോലെയുള്ള രാസ വസ്തുക്കള്‍ നിറം ചേര്‍ക്കാനായി ഉപയോഗിച്ചുവെന്ന് മനസിലാക്കാം 

ഗരം മസാലപ്പൊടി 

മസാലപ്പൊടിയില്‍ അളവ് കൂട്ടാന്‍ അന്നജം ചേര്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.ഇതറിയാന്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ മസാലപ്പൊടി ചേര്‍ത്ത് അതിലേക്ക് അയഡിന്‍ ലായനി ഒഴിക്കുക.നീല നിരം ഉണ്ടാവുന്നുണ്ടെങ്കില്‍ അന്നജം ചേര്‍ത്തിട്ടുണ്ട്

കായം പൊടി 

കായം പൊടി കലക്കി അല്‍പം നേരം വെയ്ക്കുക.മണ്ണ് ചേര്‍ത്തിട്ടുണ്ടെങ്കില്‍ ഗ്ലാസിനടിയില്‍ അടിയുന്നതായി കാണാം

കണ്ടു പിടിച്ചാൽ മതിയോ ?

മായം കണ്ടു പിടിച്ചത് കൊണ്ട് മാത്രമായില്ലല്ലോ.ഇവ ഉപയോഗിക്കാതിരിക്കുകയും വേണം. കറിപ്പൊടികളിലെ മായമായി സുഡാന്‍ എന്ന രാസ വസ്തുമുതല്‍ ഇഷ്ടിക്കപ്പൊടിയും കല്ലും മണ്ണും വരെ വരാം.ഇത് പോരാതെ പ്രിസര്‍വേറ്റീസും.

ഓരോ വീട്ടിലും മസാല ഓരോ രീതിയിലാണ് ചേര്‍ക്കുക.ഈ രീതിയറിഞ്ഞ് വീട്ടുകാരുടെ രുചിയറിഞ്ഞ് മസാലകള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കിക്കൂടെ.മാസത്തില്‍ ഒരു അവധി ദിവസം മാറ്റി വെച്ചാൽ മതി.നല്ല രുചിക്ക് വേണ്ടി മാത്രമല്ല ആരോഗ്യസംരക്ഷണത്തിന് കൂടി ഒരു ദിനം