ആശിച്ച് ഒരു വീടുണ്ടാക്കുമ്പോള്‍, അതിന് മനോഹരമായ നിലമൊരുക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മള്‍. പലതവണത്തെ ശ്രമങ്ങള്‍ കൊണ്ടായിരിക്കും നിലത്തിനനുയോജ്യമായ മാര്‍ബിളോ ഗ്രാനൈറ്റോ ടൈലോ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ തറയില്‍ കറ പിടിക്കുന്നത് പിന്നീട് നമുക്കൊരു തലവേദനയാവും. ഇതാ കറയെ തുരത്താനുള്ള ചില കുറുക്കുവഴികള്‍.

രക്തക്കറ

ഹൈഡ്രജന്‍ പെറോക്സൈഡ് ഉപയോഗിച്ച് തുടച്ചാല്‍ രക്തക്കറ പൂര്‍ണമായും നീക്കം ചെയ്യാം. നേര്‍പ്പിച്ച ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ചാലും രക്തക്കറ പോവും.

ചായ, കാപ്പി, ജ്യൂസ്

വീട്ടില്‍ സര്‍വ്വസാധാരണമാണ് ഇത്തരം കറകള്‍. സോപ്പ് പൊടിയും ചൂടുവെള്ളവും ഉപയോഗിച്ച് കഴുകിയാല്‍  ചായ, കാപ്പി, ജ്യൂസ് എന്നിവയുടെ കറകള്‍ നീക്കം ചെയ്യാം. ശേഷം ഈ ഭാഗത്ത് ഹൈഡ്രജന്‍ പെറോക്സൈഡോ നേര്‍പ്പിച്ച  ബ്ലീച്ചിങ് പൗഡറോ ഉപയോഗിച്ച് തുടച്ചാല്‍ മതി.

ഗ്രീസ്

ഗ്രീസോ ഗ്രീസിനു സമാനമായ വസ്തുക്കളോ തറയില്‍ വീണാല്‍ ആദ്യം സോഡയും വെള്ളവും ഉപയോഗിച്ച് തറ തുടയ്ക്കുക. അതുമല്ലെങ്കില്‍ ഫ്ളോര്‍ ക്ലീനറും ഉപയോഗിക്കാം.

മഷി, ചായം

മഷി പുരണ്ട ഭാഗത്ത് ബ്ലീച്ചിങ്  പൗഡര്‍ ഇട്ട് വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടര്‍ച്ചയായി തുടയ്ക്കുക. മഷിക്കറ പൂര്‍ണമായും പോകുന്നത് വരെ ഇത് ആവര്‍ത്തിക്കുക.

നെയില്‍ പോളിഷ്

നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിച്ച് തന്നെ കറകള്‍ നീക്കം ചെയ്യാവുന്നതാണ്. എന്നിട്ടും കറ പോയില്ലെങ്കില്‍ ഹൈഡ്രജന്‍ പെറോക്സൈഡോ നേര്‍പ്പിച്ച ബ്ലീച്ചിങ് പൗഡറോ ഉപയോഗിച്ച് തുടയ്ക്കുക.